കോഴിക്കോട് : മലബാറിലെ ട്രെയിൻ യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യം അംഗീകരിച്ച്, മംഗളൂരു വഴിയുള്ള കണ്ണൂർ – കെഎസ്ആർ ബെംഗളൂരു സിറ്റി ബെംഗളൂരു എക്സ്പ്രസ് ട്രെയിൻ (16511/16512) കോഴിക്കോട്ടേക്കു നീട്ടുന്നു. കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ ട്രെയിനിന്റെ സമയത്തിൽ മാറ്റം വരുത്തിയിട്ടില്ല.
കോച്ചുകളും അതേപോലെ തുടരും. ബെംഗളൂരുവിൽനിന്നു രാവിലെ 10.55നു കണ്ണൂരിലെത്തുന്ന 165511 നമ്പർ ട്രെയിൻ 11ന് കോഴിക്കോട്ടേക്കു പുറപ്പെടും. തലശ്ശേരി (11.20), വടകര (11.41), കൊയിലാണ്ടി (11.58) സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. വൈകിട്ട് 3.30ന് കോഴിക്കോട്ടു നിന്നു പുറപ്പെടുന്ന 16512 നമ്പർ ട്രെയിനിന്റെ സമയക്രമം ഇങ്ങനെ: കൊയിലാണ്ടി (3.52), വടകര (4.12), തലശ്ശേരി (4.34), കണ്ണൂർ (5.00).
ബെംഗളൂരു – കോഴിക്കോട് ട്രെയിൻ 15 മുതലും തിരിച്ചുള്ളത് 16 മുതലുമാണു നിലവിൽ വരിക. കോഴിക്കോടു നിന്നു ബെംഗളൂരുവിലേക്കുള്ള യാത്രക്കാർക്ക് ഏറെ ഉപകാരമാണു തീരുമാനം. കണ്ണൂരിൽ നിന്നു കോഴിക്കോട്ടേക്കും തിരിച്ചുമായി 2 പകൽ ട്രെയിനുകളുടെ ഗുണം ചെയ്യുന്ന തീരുമാനമാണിത്. ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടാൻ നേരത്തേ തീരുമാനമുണ്ടായിരുന്നുവെങ്കിലും നടപ്പായിരുന്നില്ല. സമയക്രമം അടക്കമുള്ള ദക്ഷിണ–പശ്ചിമ റെയിൽവേയുടെ അറിയിപ്പ് ഇത്തവണയെങ്കിലും നടപ്പാകുമെന്ന പ്രതീക്ഷയിലാണു യാത്രക്കാർ. കോഴിക്കോട് – കണ്ണൂർ റൂട്ടിൽ യാത്രക്കാരുടെ തിരക്കു കുറയ്ക്കാൻ സഹായിക്കും. ബെംഗളൂരുവിൽ നിന്നു രാവിലെ 11 മണിയോടെ കണ്ണൂരിലെത്തുന്ന ട്രെയിൻ വൈകിട്ട് 5 വരെ അവിടെത്തന്നെ നിർത്തിയിടുന്നതിനു പകരം കോഴിക്കോട്ടേക്കു നീട്ടുന്നതു യാത്രക്കാർക്ക് ഉപകാരപ്പെടുമെന്ന് അന്നു തന്നെ യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. ട്രെയിൻ ബുക്കിങ് കൂട്ടാനും അതുവഴി ട്രെയിൻ നിലനിർത്താനും തീരുമാനം സഹായകരമാകും.

Post a Comment