ഇരിട്ടി: വ്യാഴാഴ്ച പുലർച്ചെ 2മണിയോടെ ഇരിട്ടിലും മലയോര മേഖലകളിലും ഉണ്ടായ കനത്ത വേനൽമഴയിലും ചുഴിലിക്കാറ്റിലും മേഖലയിൽ വ്യാപക നാശം. ഏഴ് വീടുകൾ ഭാഗികമായി തകർന്നതോടൊപ്പം ലക്ഷങ്ങളുടെ കൃഷിനാശവും ഉണ്ടായി. മരം കടപുഴകി വീണും ചുഴലിക്കാറ്റിൽ വീട്ടിന്റെ മേൽക്കൂര പാറിപോയുമാണ് വീടുകൾക്ക് നാശം നേരിട്ടത്. പായം, ആറളം, ഉളിക്കൽ പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലുമാണ് കനത്ത നാശനഷ്ടം ഉണ്ടായത്. നിരവധി സ്ഥലങ്ങളിൽ റബറും, തെങ്ങും, കവുങ്ങും, മരങ്ങളും പൊട്ടിവീണിട്ടുണ്ട്. മരങ്ങൾ വീണ് മിക്ക സ്ഥലങ്ങളിലും വൈദ്യുതി ബന്ധങ്ങളും താറുമാറായി.
പായം കരിയാലിലെ ബിനോയ് ഇലവുങ്കലിന്റെ ആസ്ബറ്റോസ് ഷീറ്റിട്ട വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ തലനാഴിരക്കാണ് രക്ഷപ്പെട്ടത്. അപകട സമയം വീട്ടിൽ ബിനോയിയും ഭാര്യ സിനുവും രണ്ട് മക്കളും ഉണ്ടായിരുന്നു. എല്ലാവരും ഭയന്നുവിറച്ച് കട്ടിലിന് അടിയിൽ കയറി. കാറ്റ് ശമിച്ചതോടെ തൊട്ടടുത്ത വീട്ടിൽ അഭയം തേടി. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ഉണ്ടായ കാറ്റിലും ഇവരുടെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നിരുന്നു. അന്ന് ബന്ധപ്പെട്ട അധികൃതരെല്ലാം സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെങ്കിലും നഷ്ടപരിഹാരമൊന്നും നൽകിയിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു.
വട്ട്യറയിലെ പുതിയ വീട്ടിൽ സരിതയുടെ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. വീട് ഭാഗികമായി തകർന്നു. കോറമുക്ക് മരമില്ലിന് സമീപമുള്ള എം. ആർ. വിജയന്റെ വീടിന്റെ മുകളിൽ മരം പൊട്ടി വീണ് വീടിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. തൊട്ടടുത്തുള്ള ഷിജു കുളപ്പള്ളിയുടെ വീടിന്റെ മുകളിൽ മരം വീണ് വീടിന്റെ അടുക്കള വശം തകർന്നു. ആറളം കൊടുവളത്തെ തുമ്പത്ത് രതീഷിന്റെ വീടിന്റെ മുകളിലത്തെ ആസ്ബറ്റോസ് ഷീറ്റ് തകർന്നു. വീട്ടുകാർക്ക് നിസ്സാര പരിക്കുപറ്റി. ആറളം, ഉളിക്കൽ പഞ്ചായത്തുകളിൽ രണ്ട് വീടുകൾക്ക് കേടുപാട് സംഭവിച്ചു. കനത്ത കാറ്റിൽ മരം പൊട്ടിവീണാണ് അപകടം.
ആറളം പഞ്ചായത്തിലെ എടൂരിൽ തോണിക്കര ജോർജിന്റെ വീടിന്റെ മുകളിലേക്ക് വീടിന് സമീപത്തു നിന്ന് മാവ് പൊട്ടി വീണതിൽ വീടിന്റെ മേൽക്കൂര തകർന്നു. ഉളിക്കൽ പഞ്ചായത്തിലെ അറബി കുന്നേൽപടിയിൽ തറപ്പിൽ ശശിധരന്റെ വീടിന്റെ മുകളിലേക്ക് തെങ് ഒടിഞ്ഞു വീണ് വീടിന് കേടുപാട് സംഭവിച്ചു. കല്ലു മുട്ടിയിൽ പ്രവർത്തിക്കുന്ന ടേസ്റ്റി ഹാങ്ഔട്ട് ഹോട്ടലിന്റെ നെയിം ബോർഡ് കാറ്റിൽ തകർന്നു. പായത്തെ ഇ. സതീശന്റെ കുലച്ച 300 ഓളം നേന്ത്ര വാഴകൾ കാറ്റിൽ നിലംപൊത്തി. കഴിഞ്ഞ വർഷവും സതീശന്റെ വാഴകൾ നശിച്ചിരുന്നു. പായം സ്‌കൂളിന് സമയമുള്ള കുറ്റിയാടൻ ഉത്തമന്റെ കുലച്ച നൂറോളം നേന്ത്രവാഴകളും നശിച്ചു. പായം കാടമുണ്ടയിലെ അളോറ വിനോദനിയുടെ 150 ഓളം കുലച്ച നേന്ത്രവാഴകളും കപ്പയും കാറ്റിൽ നശിച്ചു. നുച്ചിയാട് കുന്നിലെ പുരുഷോത്തമന്റെ കാടമുണ്ടയിലെ നൂറോളം കപ്പകൾ കാറ്റിൽ നശിച്ചു. ഏച്ചില്ലത്തെ അഖിലേഷ് നമ്പൂതിരിയുടെ നൂറോളം വാഴകളും കാറ്റിൽ നിലം പൊത്തി. പലയിടങ്ങളിലും തെങ്ങും കവുങ്ങും ഉൾപ്പെടെ കടപുഴുകി വീണു. വൈദ്യുതി ലൈനിൽ മരം പൊട്ടി വീണതിനെ തുടർന്ന് ഈ പ്രദേശങ്ങളിൽ വൈദ്യുതി വിതരണവും മുടങ്ങി.

Post a Comment