കോഴിക്കോട് : ട്രെയിനിനു നേരെ ഉണ്ടായ കല്ലേറിൽ വിദ്യാർഥിനിയുടെ താടിയെല്ലിനും മുഖത്തും ഗുരുതര പരുക്ക്. വടകര പുറമേരി എരഞ്ഞോളി താഴെകുനി വീട്ടിൽ ഐശ്വര്യ രാമകൃഷ്ണനാണ് (22) പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി 9.50 ന് കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ വച്ചാണ് ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെ കല്ലേറുണ്ടായത്. എൻജിനിൽ നിന്ന് എട്ടാമത്തെ ജനറൽ കോച്ചിൽ ജനാലയുടെ വശത്ത് ഇരുന്ന ഐശ്വര്യയുടെ താടിയെല്ലിനു കല്ലേറിൽ ഗുരുതര പരുക്കേൽക്കുകയായിരുന്നു. ഇടതുവശത്തെ രണ്ടു പല്ലുകൾ നഷ്ടമാവുകയും രണ്ടു പല്ലുകൾ പൊട്ടുകയും ചുണ്ടിന് മുറിവേൽക്കുകയും ചെയ്തു.
ആലുവ യുസി കോളജ് ബയോഇൻഫോർമാറ്റിക്സ് വിദ്യാർഥിയായ ഐശ്വര്യ പഠന അവധിയായതിനാൽ ആലുവയിൽ നിന്ന് വടകരയിലെ വീട്ടിലേക്കു പോവുകയായിരുന്നു. കല്ലേറുണ്ടായ ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഐശ്വര്യയെ റെയിൽവേ പൊലീസ് ഉടൻ തന്നെ ബീച്ച് ആശുപത്രിയിൽ എത്തിച്ചു. മുഖത്ത് പ്ലാസ്റ്റിക് സർജറി വേണ്ടി വരുമെന്ന നിർദേശം ലഭിച്ചതോടെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ റെയിൽവേ പൊലീസും ആർപിഎഫും കേസെടുത്ത് അന്വേഷണം തുടങ്ങി. എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെ കല്ലേറുണ്ടായ സ്ഥലത്ത് വച്ച് വന്ദേഭാരത് ട്രെയിനിനു നേരെയും കല്ലേറുണ്ടായി. രണ്ട് സംഭവത്തിന്റെയും അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
ഡോക്ടർമാരുടെ നിർദേശപ്രകാരം താടിയെല്ലിന്റെ സിടി സ്കാനും തലച്ചോറിന്റെ സ്കാനും എടുത്തെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് പറഞ്ഞതെന്നും ഐശ്വര്യയുടെ മാതാപിതാക്കൾ പറഞ്ഞു. ആരോഗ്യ ഇൻഷുറൻസും മറ്റും ഇല്ലാത്തതിനാൽ ആശുപത്രി ചെലവ് എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് കുടുംബം. ഏപ്രിൽ 17 നാണ് കോളജിൽ ഐശ്വര്യയുടെ പരീക്ഷ തുടങ്ങുന്നത്.

Post a Comment