പാലത്തുംകടവിൽ വൻ തീപിടിത്തം ആറ് ഏക്കറോളം സ്ഥലം കത്തി നശിച്ചു



ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ വൻതീപിടിത്തം. ബുധനാഴ്ച 2 തവണയായി പടർന്നു പിടിച്ച തീയിൽ 6 ഏക്കറോളം കൃഷിയിടം കത്തിനശിച്ചു. സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിൽ നിന്നും വനത്തിലേക്ക് തീപടരുന്നത് തടയനായത് മൂലം കാട്ടുതീയായി മാറുന്ന സാഹചര്യം ഒഴിവാക്കാനായി.  
ബുധനാഴ്ച പുലർച്ചെ 3 മണിയോടെ ഇലവുങ്കൽ ആഷിക്കിൻ്റെ പറമ്പിലാണ് ആദ്യം തീപ്പിടുത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനാ വാഹനങ്ങൾക്ക് എത്താൻ പറ്റാത്ത പ്രദേശം ആയതിനാൽ ജനങ്ങളുടെ നേതൃത്വത്തിൽ പുലർച്ചെ തന്നെ കൂടുതൽ സ്ഥലത്തേക്ക് തീ പടരാതിരിക്കാനായി ഫയർലൈൻ തീർത്തു. 6 മണിയോടെ തീ പൂർണമായി അണഞ്ഞില്ലെങ്കിലും 10.30 ഓടെ ഉണ്ടായ ശക്തമായ കാറ്റിൽ വീണ്ടും തീ ആളിപ്പടരുകയായിരുന്നു. ഇതോടെ തോട്ടത്തിൽ ഷീൻ, തോട്ടത്തിൽ അജി എന്നിവരുടെ സ്‌ഥലങ്ങളിലേക്കും തീ വ്യാപിച്ചു. നാട്ടുകാരും ഇരിട്ടി അഗ്നിരക്ഷാ സേനാംഗങ്ങളും വനപാലകരും ജനപ്രതിനിധികളും ഉൾപ്പെടെ ചേർന്നു ഏറെ ശ്രമം നടത്തി 4.30 ഓടെ നിയന്ത്രണവിധേയമാക്കി. 
 കണ്ണൂർ വനം ഡിവിഷൻ, കർണാടകയുടെ മാക്കൂട്ടം ബ്രഹ്‌മഗിരി വന്യജീവി സങ്കേതം എന്നിവ ഉൾപ്പെടുന്ന വനാതിർത്തി പ്രദേശമാണ് പാലത്തും കടവ്. അതിനാൽത്തന്നെ ഈ മേഖലയോടു ചേർന്നുള്ള പ്രദേശത്തെ തീ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ വൻ അപകടാവസ്‌ഥ സംജാതമാവുമായിരുന്നു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് മിനി വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് അംഗം ജെയ്‌സൺ കാരക്കാട്ട്, പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷരായ മേരി റെജി, ജോസ്‌കുഞ്ഞ് തടത്തിൽ, അംഗങ്ങളായ ഷിബോ കൊച്ചുവേലിക്കകം, അനീഷ്.കെ.പോൾ, സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർമാരായ സി. സുനിൽകുമാർ (ഇരിട്ടി), സന്തോഷ് കുമാർ (കീഴ്പ്പ്പള്ളി) എന്നിവർ തീ നിയന്ത്രണവിധേയമാക്കുന്നതിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement