ഹൃദയംകൊടുത്ത് നാട് കൂടെനിന്നു; പക്ഷേ, കണ്ണീരോർമയായി അൻവിത്



കരിവെള്ളൂർ : ചികിത്സാസഹായത്തിനായി നാടു കൈകോർത്തെങ്കിലും കാത്തുനിൽക്കാതെ, എല്ലാവരെയും കണ്ണീരിലാഴ്ത്തി അൻവിത് മടങ്ങി. ശ്വാസകോശാർബുദത്തിനു ചികിത്സയിലായിരുന്ന, കരിവെള്ളൂർ എ.വി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി കെ.അൻവിത് (15) ആണു മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

എസ്എസ്എൽസി കണക്കു പരീക്ഷയെഴുതാൻ ക്ലാസിലേക്കു കയറുന്നതിനിടെ കുഴഞ്ഞുവീണു. തുടർന്നുള്ള പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ഇതിനു മുൻപു നടന്ന നാലു പരീക്ഷകൾ എഴുതിയിരുന്നു. പഠനത്തിലും കായികരംഗത്തും മികവുപുലർത്തിയ അൻവിതിനായി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തിവരികയായിരുന്നു നാട്.

മൂന്നുവർഷം മുൻപ് പ്രാന്തംചാൽ വയലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ മുൻപന്തിയിലുണ്ടായ 5 വിദ്യാർഥികളിലൊരാൾ അൻവിതാണ്. കുട്ടികളുടെ ഇടപെടൽ കാരണമാണ് അന്നു വൻദുരന്തം ഒഴിവായത്. ഇന്നു രാവിലെ 11ന് സ്കൂളിലെയും 12ന് പ്രാന്തംചാലിലെ വീട്ടിലെയും പൊതുദർശനത്തിനു ശേഷം ഒന്നിനാണു സംസ്കാരം. പ്രാന്തംചാലിലെ കൂലേരി നീതുവിന്റെയും പുളുക്കൂൽ അജേഷിന്റെയും മകനാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement