ചൂടും വർദ്ധിച്ചതോടെ പഴശ്ശി ജലസംഭരണിയുടെ ജലവിതാനവും ക്രമാതീതമായി താഴ്ന്നു തുടങ്ങി


മുൻ കാലങ്ങളിൽ ഒന്നും കാണാത്തവിധം വേനൽ കടുത്തതും ചൂടും വർദ്ധിച്ചതോടെ പഴശ്ശി ജലസംഭരണിയുടെ ജലവിതാനവും ക്രമാതീതമായി താഴ്ന്നു തുടങ്ങി. ഈ ഒരു ഒരുമാസത്തിനിടയിൽ സംഭരണിയിൽ നിന്നും രണ്ടരമീറ്റർ വെള്ളമാണ് കുറഞ്ഞത്. ജലനിരപ്പ് ക്രമാതീതമായി കുറയാൻ തുടങ്ങിയതോടെ പഴശ്ശി കനാൽ വഴിയുള്ള ജലവിതരണവും നിലച്ചു.
ഫെബ്രുവരി ആദ്യവാരം 26.52 മീറ്റർ വെള്ള മുണ്ടായിരുന്ന പഴശ്ശിയിൽ ഇപ്പോൾ 24.04 മീറ്റർ വെള്ളമാണ് ഉള്ളത്. ഒരുമാസത്തിനിടയിൽ രണ്ടര മീറ്റർ വെള്ളമാണ് കുറഞ്ഞത്. വയനാടൻ മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ബാവലിയും , കുടക് മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ബാരാപ്പോൾ പുഴയുമാണ് പഴശ്ശിയുടെ പ്രധാന ജലസ്ത്രോതസ്സ്. തുലാംമഴ ഗണ്യമായി കുറയുകയും വേനൽ മഴ പ്രതീക്ഷിച്ചതുപോലെ ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് ഈ പുഴകളിൽ നിന്നും പദ്ധതിയിലേക്കുള്ള നീരൊഴുക്കിൽ വൻ കുറവുണ്ടായിരിക്കുന്നത്. തുലാവർഷം കുറഞ്ഞാലും മുൻ കാലങ്ങളിൽ വേനൽ മഴ പദ്ധതിയുടെ വ്യഷ്ടിപ്രദേശങ്ങളിൽ പല സമയങ്ങളിലായി ലഭിക്കാറുണ്ടായിരുന്നു. ഇക്കൂറി കുടക് ജില്ലയിൽ മഴകുറഞ്ഞതും പഴശ്ശിക്ക് തിരിച്ചടിയായി. ബ്രഹ്‌മഗിരി വന്യജീവി സങ്കേത്തതിനുള്ളിലെ പല നീരുറവകളും വറ്റിയതോടെ ബാരാപോൾ പുഴയിലെക്കുള്ള നീരൊഴുക്കിൽ വലിയ കുറവുണ്ടായി. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ ഭാഗമായി വരുന്ന ബവലി പുഴയിലും നിരൊഴുക്കിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. വനത്തിൽ നിന്നും ഉത്ഭവിക്കുന്ന, കക്കുവ, ചീങ്കണ്ണിപ്പുഴകളിൽ ഒഴുക്ക് പൂർണ്ണമായും നിലച്ചു. മലയോര മേഖലയിൽ നിന്നും ബാവലി, ബാരാപോൾ പുഴകളിലേക്ക് എത്തുന്ന ചെറു നീരുറവകളും വറ്റി വരണ്ടു. കുടിവെളള വിതരണത്തിനുള്ള പമ്പിംങ്ങ് സ്റ്റേഷനുകളുടെ സുഗമമായ പ്രവർത്തനത്തിന് 18മീറ്ററിലധികം വെള്ളം സംഭരണയിൽ ഉണ്ടായിരിക്കണം. പഴശ്ശിയിൽ ഇനിയും ആറ് മീറ്ററിലധികം വെള്ളം താഴുന്ന സാഹചര്യം ഉണ്ടായാൽ ജില്ല വലിയ കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങും.
   കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി വെള്ളത്തിന്റെ അളവിൽ വലിയ തോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. ജില്ലയിലെ മൂന്നിൽ രണ്ട് പ്രദേശങ്ങളിലും കുടിവെള്ളം എത്തുന്നത് പഴശ്ശി പദ്ധതിയിൽ നിന്നാണ്. ഇപ്പോൾ കുടിവെള്ളത്തിനുള്ള പമ്പിംങ്ങ് സ്റ്റേഷനുകളിൽ ആവശ്യത്തിൽ കൂടുതൽ വെള്ളം ഉണ്ടെങ്കിലും ഏപ്രിൽ ആവസാനം വരെ ഇതേ ചൂടും വരൾച്ചയും തുടർന്നാൽ കുടിവെള്ള വിതരണത്തേയും ബാധിക്കും. 50-ൽ അധികം ദശലക്ഷം ലീറ്റർ വെള്ളമാണ് പഴശ്ശി പദ്ധതിയിൽ നിന്നും ദിനം പ്രതി കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്നത്. ഒരു കോർപ്പറേഷൻ, ഏഴ് നഗരസഭ, 36 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ വേനൽ -മഴ വ്യത്യാസമില്ലാതെ കുടിവെള്ളം എത്തിക്കുന്നത് പഴശ്ശിയിൽ നിന്നാണ്. ഇതിനായി ആറ് വലിയ കുടിവെള്ള പദ്ധതികളാണ് പദ്ധതിയിൽ പ്രവർത്തിക്കുന്നത്. കൂടാതെ മറ്റ് അഞ്ചോളം ചെറുകിട പദ്ധതികളും പദ്ധതിയിൽ പ്രവർത്തിക്കുന്നുണ്ട. 250 ദശലക്ഷം ലിറ്റർ കുടിവെള്ളത്തിനായി ദിനം പ്രതി പദ്ധതിയിൽ നിന്നും പമ്പ് ചെയ്യുന്നതും ക്രമാതീതമായി സംഭരണ ശേഷിയിൽ കുറവുണ്ടാക്കുന്നു. പദ്ധതിയിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് ഇപ്പോൾ നീരുറവകളായി പദ്ധതിയിലേക്ക് എത്തുന്നുള്ളു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement