യുവാവിനെ ഇടിച്ചുനിർത്താതെ പോയ ഓട്ടോറിക്ഷയെ കണ്ടെത്തി കണ്ണൂർ ടൗൺ പോലീസ്




കണ്ണൂർ: സ്കൂട്ടർ യാത്രികനെ ഇടിച്ചു നിർത്താതെ പോയ ഓട്ടോറിക്ഷ കണ്ണൂർ ടൗൺ പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.

മാർച്ച് 3-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോട്ടട സ്വദേശിയായ യുവാവ് സുഹൃത്തിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ കണ്ണൂർ സൗത്ത് ബസാർ ജംഗ്ഷനിൽ വെച്ച് എതിർദിശയിൽ നിന്നുവന്ന ഓട്ടോ ഇടിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവ് കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

യുവാവിന്റെ പരാതിയിൽ പോലീസ് നിരവധി സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും പരിശോധിച്ചെങ്കിലും വണ്ടി നമ്പർ ലഭിച്ചിരുന്നില്ല. അപകടമുണ്ടാക്കിയ വാഹനം സിഎൻജി (CNG) ആണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന്, വാഹന രജിസ്ട്രേഷൻ രേഖകൾ കേന്ദ്രീകരിച്ചും സിഎൻജി പമ്പുകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ഓട്ടോറിക്ഷ കണ്ടെത്തിയത്.

കണ്ണൂർ എസിപി ആർ. ഹരിപ്രസാദിന്റെ നിർദ്ദേശപ്രകാരം, ടൗൺ പോലീസ് ഇൻസ്പെക്ടർ കൈലാസ് നാഥിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാജി, സിപിഒമാരായ നാസർ സി.പി, സനൂപ് നാരായണൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement