ഇരിട്ടി : മലയോര ഹൈവേ നിർമ്മാണ പുരോഗതിയും പോരായ്മകളും അയ്യൻകുന്ന് പഞ്ചായത്തിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ കെആർ എഫ്ബി ഉദ്യോഗസ്ഥരും കരാറുകാരും പങ്കെടുത്ത ഉന്നത തല യോഗം വിലയിരുത്തി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. മലയോര ഹൈവേയുടെ 90 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തിയായെങ്കിലും നിർമ്മാണത്തിലെ അപാകതകളും ജനങ്ങളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് സംയുക്ത അവലോകന യോഗം പഞ്ചായത്ത് വിളിച്ചുചേർത്തത്. വള്ളിത്തോട് - മണത്തണ റീച്ചിൽ അയ്യൻകുന്നിന്റെ പരിധിയിലെ നിർമ്മാണ പേരായ്മ്മകൾ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ ഉന്നയിച്ചു.
ആനപ്പന്തി കരിക്കോട്ടക്കരി റീച്ചിൽ റോഡരികിലിട്ട പൈപ്പുകൾ മാറ്റാതെ കോൺക്രീറ്റ് ചെയ്ത നടപടി യോഗത്തിൽ ചർച്ചയായി. ഇത് കഴിഞ്ഞ ദിവസം വാർത്തയാവുകയും ചെയ്തിരുന്നു. മണ്ണ് മാന്തി യന്ത്രം ഇല്ലാത്തതാണ് പൈപ്പ് മാറ്റാൻ കഴിയാതെവന്നത് എന്ന കരാറുകാരന്റെ വിശദീകരണം അംഗങ്ങളുടെ ശക്തമായ വിമർശനത്തിന് കാരണമായി. പൈപ്പുകൾ നീക്കി ഉടൻ പ്രവൃത്തി പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി. പല സ്ഥലങ്ങളിലും ഓവുചാൽ നിമ്മാണം പൂർത്തിയാകാത്തത് അംഗങ്ങൾ ചൂണ്ടിക്കാട്ടി. സ്ഥലം വിട്ടുതരുന്നതുമായുള്ള തർക്കം നിലനിൽക്കുന്ന സ്ഥലങ്ങൾ നിർമ്മാണം തടസപ്പെട്ടതായി കാറുകാരൻ അറിയിച്ചു. തർക്കം നിലനിൽക്കുന്ന സ്ഥലങ്ങൾ ഭരണസമിതിയുടെ നേതൃത്വത്തിൽ ഉടമസ്ഥരുമായി ചർച്ച നടത്താൻ യോഗത്തിൽ തീരുമാനമായി. വഴിവിളക്കുളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും നിർമ്മിക്കുന്നത് സംബന്ധിച്ച് നിലവിൽ ഇതിനുള്ള നിർദ്ദേശം ഇല്ലെന്ന് അധികൃതർ പറഞ്ഞു. പല സ്ഥലങ്ങളും പ്രവൃത്തി പൂർത്തിയാക്കാതെ അവശേഷിക്കുന്നതും പരിശോധിക്കും.
കരിക്കോട്ടക്കരി ടൗണിലും പോലീസ് സ്റ്റേഷൻ ജംഗ്ഷനു സമീപവും ഓവുചാൽ നിർമ്മാണം നടക്കാതിരിക്കുന്നത് വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ ശ്രദ്ധയിൽ പെടുത്തി. ഇവിടങ്ങളിൽ ജനങ്ങൾ സ്ഥലം വിട്ടുനൽകാത്തതാണ് പ്രശനമെന്ന കരാറുകാരൻ പറഞ്ഞു .ഇവിടങ്ങളിൽ പഞ്ചായത്ത് ഭരണസമിതി നേരിട്ട് ഇടപെടും. ടൗണുകളിൽ നടപ്പാതകളിൽ കൈവരികളും സ്ഥാപിക്കുന്നത് ഉറപ്പുവരുത്തണം . വെമ്പുഴയിലെ സംരക്ഷണ ഭിത്തി നിർമ്മാണത്തിലെ അപാകത പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കെആർഎഫ്ബി അസിറ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ പി. സനില പറഞ്ഞു. യോഗത്തിൽ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ ജോസ്‌കുഞ്ഞ് തടത്തിൽ, മേരി റെജി, പഞ്ചായത്ത് അംഗങ്ങളായ ടോമി സൈമൺ, ബിജു ജോസഫ്, പി. രാജേഷ്, ബിന്ദു ഷാജി, ഷിബോ അഗസ്റ്റിൻ, അനീഷ് പോൾ, ലീലാമ്മ മാത്യു, അനുപമ എ വൺ, ഷീൻ ജോസഫ്, കരാറുകാരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു .

Post a Comment