![]() |
| തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ പ്രതിഷേധം കെ ജി എം ഒ എ ജില്ല പ്രസിഡണ്ട് ഡോ ജിധിന്‍ വി എസ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു |
ആരോഗ്യ മേഖലയിലെ കാതലായ പരിഷ്കാരങ്ങൾ എല്ലാ വിഭാഗങ്ങളുമായി ചർച്ച ചെയ്യുക എന്നത് അടിസ്ഥാന മര്യാദയാണെന്നിരിക്കെ, ഏകപക്ഷീയമായി ഡോക്ടർമാരുടെ ജോലി സമയം വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധം. കേരള സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടർമാരുടെ ചുമതലകൾ അശാസ്ത്രീയമായി നിജപ്പെടുത്തിയ ഉത്തരവിനെതിരെ കണ്ണൂർ ജില്ലയിൽ പ്രതിഷേധം. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടന്ന പ്രതിഷേധ യോഗം നോർത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ. അജിത് കുമാറും തലശ്ശേരി ജനറൽ ആശുപത്രിയിൽ ജില്ലാ പ്രസിഡണ്ട് ഡോക്ടർ ജിധിൻ വി എസ് എം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഡോക്ടർമാർ പ്രതിഷേധ യോഗം ചേരുകയും ഉത്തരവ് അഗ്നിക്കിരയാക്കി സർക്കാർ നടപടിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
പ്രതിദിനം 150 മുതൽ 200 വരെ രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാരുടെ സമയം ഇനിയും വർദ്ധിപ്പിക്കുന്നത് ചികിത്സയുടെ ഗുണനിലവാരത്തെ ബാധിക്കുകയും പിഴവുകൾക്ക് വഴിയൊരുക്കുകയും ചെയ്യും. പുതിയ തസ്തികകൾ സൃഷ്ടിച്ച് ഡോക്ടർ-രോഗി അനുപാതം കൃത്യമാക്കുകയാണ് ശാസ്ത്രീയമായ പരിഹാരം. രാവിലെ 10 മണിക്ക് പ്രവർത്തനമാരംഭിക്കുന്ന ഓഫീസുകളുടെ മേലധികാരിയായ സൂപ്രണ്ടിന്റെ സമയം 8 മുതൽ 3 വരെയാക്കി നിജപ്പെടുത്തിയത് പ്രായോഗികമായ നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ആരോഗ്യപ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കാതെ അവരുടെ മേലുള്ള സമ്മർദ്ദം മാത്രം കൂട്ടിക്കൊണ്ടിരുന്നാൽ, നമ്മുടെ ആരോഗ്യസംവിധാനം ദുർബലമാവുകയും ഒടുവിൽ തകരുകയും ചെയ്യും. ഇതിന്റെ അന്തിമ ഇരകൾ ഡോക്ടർമാരല്ല, മറിച്ച് ഏറ്റവും നിസ്സഹായരായ അവസ്ഥയിൽ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളായിരിക്കും.
സാധാരണക്കാരായ രോഗികൾക്ക് ലഭിക്കുന്ന ചികിത്സയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഇത്തരം അശാസ്ത്രീയ നീക്കങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.

Post a Comment