കണ്ണൂർ :- ജില്ലയിൽ ഹോം വോട്ടിംഗ് ആരംഭിച്ചു. ഹോം വോട്ടിങ്ങിന്റെ ഭാഗമായി ജില്ലാ കളക്ടർ അരുൺ കെ വിജയൻന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വോട്ടറുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങി. കല്യാശ്ശേരി മണ്ഡലത്തിലെ വോട്ടറായ പഴയങ്ങാടി ബി.ബി റോഡ് അമ്പലത്തിൽ വീട്ടിലെ ഷാഹുൽ ഹമീദിന്റെ വോട്ടാണ് ഹോം വോട്ടിംഗ് വഴി രേഖപ്പെടുത്തിയത്.
85 വയസിന് മുകളിൽ പ്രായമുള്ള വിഭാഗത്തിൽപ്പെട്ടവർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുമായാണ് ഹോം വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തിയത്. ജില്ലയിൽ ആകെ 19,276 ഹോം വോട്ടിംഗ് അപേക്ഷകളാണ് അംഗീകരിച്ചത്. ഇതിൽ 14,138 പേർ 85 വയസിന് മുകളിൽ പ്രായമുള്ളവരും 5,138 പേർ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുമാണ്. ഹോം വോട്ടിനായി 203 ഉദ്യോഗസ്ഥ സംഘങ്ങളാണ് ജില്ലയിലുള്ളത്. റിസർവ് ആയി ഒരു നിയമസഭ മണ്ഡലത്തിൽ ഒന്ന് എന്ന തോതിൽ 11 സംഘങ്ങളുമുണ്ട്.
ഒരു സംഘത്തിൽ രണ്ട് പോളിംഗ് ഓഫീസർമാർ, ഒരു മൈക്രോ ഒബ്സർവർ, ഒരു പോലീസ് ഓഫീസർ, ഒരു വീഡിയോഗ്രാഫർ എന്നിങ്ങനെ അഞ്ച് പേരാണുള്ളത്. സംഘത്തെ ബി.എൽ.ഒ അനുഗമിക്കും. ഇരിക്കൂർ മണ്ഡലത്തിലാണ് കൂടുതൽ ഹോം വോട്ടർമാർ-2204 ; കുറവ് അഴീക്കോടും-1308.

Post a Comment