കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ടിന്റെ ഒന്നാംഘട്ടം പ്രവൃത്തി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ഇന്ന് മികച്ച നിലവാരത്തിലുള്ള ബി എം എൻ ബി സി സംവിധാനത്തിലാണ് കേരളത്തിൽ റോഡുകൾ നിർമ്മിക്കുന്നതെന്നും സംസ്ഥാനത്ത് ആകെ 35000 കോടി രൂപയാണ് റോഡ് നിർമ്മാണത്തിനായി മാറ്റിവെച്ചതെന്നും മന്ത്രി പറഞ്ഞു. മലയോര ഹൈവേ, തീരദേശ ഹൈവേ, തുരങ്കപാത തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ ഈ സർക്കാരിന്റെ കാലത്ത് യാഥാർഥ്യമാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന പരിപാടിയിൽ രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.
40.646 കിലോമീറ്റർ നീളമുള്ള 11 റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. കന്റോൺമെന്റ് റോഡ്, താലൂക്ക് ഓഫീസ് റോഡ്, സിവിൽ സ്റ്റേഷൻ റോഡ്, ജയിൽ റോഡ് എന്നിവയാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തീകരിക്കുക. 16.85 കോടി രൂപയാണ് പദ്ധതിക്ക് ഭരണാനുമതി. താവക്കര റെയിൽവേ അണ്ടർപാസിനടുത്തുള്ള സർവീസ് റോഡിൽ എൽ ഇ ഡി വീഡിയോ വാൾ, ലാൻഡ് സ്‌കേപ് ചെയ്ത ചെടികളും ഇരിപ്പിടങ്ങളും മൗണ്ടഡ് പ്ലാന്റർ ബോക്സുകൾ എന്നിവ ക്രമീകരിച്ച നടപ്പാതകൾ, ഹാൻഡ് റെയിലുകൾ, തെരുവ് വിളക്കുകൾ, മറ്റ് സുരക്ഷാ സംവിധാനങ്ങൾ, തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുനർ രൂപകൽപ്പന ചെയ്ത ട്രാഫിക് സർക്കിളുകൾ, ജംഗ്ഷൻ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
കെ വി സുമേഷ് എം എൽ എ, കണ്ണൂർ കോർപറേഷൻ താളിക്കാവ് കൗൺസിലർ അജിത്ത് പാറക്കണ്ടി, പി ഡബ്ല്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം ഹരീഷ്, സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.കെ മിനി, അസി.എക്സിക്യൂട്ടിവ് എഞ്ചിനീയർ സി സുജിത്ത് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. പി അജയകുമാർ, സുരേഷ് ബാബു എളയാവൂർ, വി രഘൂത്തമൻ, രാഗേഷ് മന്നമ്പേത്ത്, കെ.പി പ്രശാന്ത്, പി.സി അശോകൻ, അസ്‌ലം പിലാക്കീൽ എന്നിവർ സംസാരിച്ചു.

Post a Comment