വീണാ ജോര്‍ജിന് സീറ്റ് നല്‍കരുത്; ആവശ്യവുമായി ഭര്‍ത്താവ് CPIM നേതൃത്വത്തെ സമീപിച്ചു



ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭര്‍ത്താവ് ജോര്‍ജ് ജോസഫ് സിപിഐഎമ്മിനെ സമീപിച്ചു. തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്തു. പത്തനംതിട്ട ജില്ലാ നേതൃത്വം വിഷയം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. വീണാ ജോര്‍ജ് സംസ്ഥാന കമ്മിറ്റിയുടെ ക്ഷണിതാവായതിനാല്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്.

കുടുംബപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ് ജോസഫ് ഇക്കാര്യം നേതൃത്വത്തിനു മുന്നിൽ അവതരിപ്പിച്ചത്. ആറന്മുളയില്‍ നിന്നും വീണാ ജോര്‍ജ് തന്നെ ഇത്തവണയും മത്സരിക്കട്ടെ എന്നാണ് നിലവില്‍ സിപിഐഎം തീരുമാനം. 2016 ലാണ് വീണാ ജോര്‍ജ് ആദ്യമായി മത്സരിക്കുന്നത്.

മത്സരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം വീണാ ജോര്‍ജിനോട് അഭിപ്രായം തേടും. ജോര്‍ജ് ജോസഫിനോടും പാര്‍ട്ടി നേതൃത്വം ആശയവിനിമയം നടത്തും. കണ്ണൂരില്‍ കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ വീണാ ജോര്‍ജ് നിലവില്‍ പത്തനംതിട്ട കൊടുമണ്ണിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ്.

സ്ഥാനാര്‍ത്ഥി സാധ്യത സംബന്ധിച്ച് ജില്ലാക്കമ്മിറ്റി വീണാ ജോര്‍ജിന്റെ പേര് മാത്രമെ ശുപാര്‍ശ ചെയ്തിട്ടുള്ളൂ. 2016 ആദ്യ മത്സരത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ ശിവദാസന്‍ നായരോട് 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കില്‍ 2021ലെ തെരഞ്ഞെടുപ്പില്‍ 19,003 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement