തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ പരിഹസിച്ചും രാഹുൽ ഗാന്ധിയെ വിമർശിച്ചും ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. വാഗ്ദാനം നടപ്പാക്കിയാൽ രണ്ടുമാസം കൊണ്ട് കെഎസ്ആർടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി ഒരുവിധം പച്ചപിടിച്ചു വരികയാണ്. വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്. കർണാടകയിൽ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്രയാണെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി പോയി. ഇപ്പോൾ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കടുത്ത നഷ്ടത്തിലും പ്രതിസന്ധിയിലുമാണെന്നാണ് റിപ്പോർട്ട്. അത്രപോലും സമയം കെഎസ്ആർടിസിയ്ക്ക് ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
സൗജന്യ യാത്ര എന്നത് വനിതാ ദിനത്തിൽ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാൻ നാണമില്ലാത്തവരാണ് കോൺഗ്രസുകാർ. രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനം രണ്ടു മാസം നൽകിയാൽ, കെഎസ്ആർടിസിക്ക് പിന്നെ ശമ്പളമുണ്ടാകില്ല. കെഎസ്ആർടിസിയുമുണ്ടാകില്ല. കെഎസ്ആർടിസിയെ എനിക്കറിയുന്നപോലെ അവർക്കറിയില്ലല്ലോയെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
കെഎസ്ആർടിസി ലാഭത്തിലായിട്ടില്ല, മറിച്ച് ദൈനംദിനമുള്ള നഷ്ടം കുറയ്ക്കുകയും ചെലവിനേക്കാൾ കൂടുതൽ വരവുണ്ടാക്കാൻ തുടങ്ങിയിട്ടുമുണ്ട്. പെൻഷൻകാരുടെ പൈസ കൊടുക്കാനുള്ളതുൾപ്പെടെ കെഎസ്ആർടിസിക്ക് പല കടങ്ങളും ബാധ്യതകളുമുണ്ട്. അതെല്ലാം പരിഹരിച്ച് ഒന്നാം തീയതി ശമ്പളം കൊടുത്തും നഷ്ടമില്ലാതെ യൂണിറ്റുകൾ പ്രവർത്തിപ്പിച്ചും വളരെ കഷ്ടപ്പെട്ടാണ് കെഎസ്ആർടിസി ജീവനക്കാർ ഇത് മുന്നോട്ടുകൊണ്ടുപോകുന്നത്.
ഇലക്ഷൻ വരുന്നുവെന്ന് പറഞ്ഞ് പൊതുഖജനാവിലെ പണം ദൂർത്തടിച്ച് വോട്ട് വാങ്ങാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. സൗജന്യ യാത്ര അനുവദിക്കുമ്പോൾ അത് പാവപ്പെട്ടവർക്കോ ബിപിഎൽ കാർഡുള്ളവർക്കോ ആയിരിക്കണം നൽകേണ്ടത്. സ്വന്തമായി കാറുള്ള സമ്പന്നരായ സ്ത്രീകൾക്കോ, 40,000 രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകൾക്കോ സൗജന്യ യാത്ര നൽകേണ്ട ആവശ്യമുണ്ടോ എന്നും മന്ത്രി ചോദിച്ചു.
ഇന്നലെ പുതുയുഗ യാത്രയുടെ സമാപന വേദിയിലായിരുന്നു രാഹുൽ ഗാന്ധി പ്രഖ്യാപനങ്ങൾ നടത്തിയത്. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, വിദ്യാർഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു രാഹുൽ ഗാന്ധി നടത്തിയത്. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാ സൗകര്യം വർധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചിലവ് കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് കോളേജ് വിദ്യാർഥിനികള്‍ക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നായിരുന്നു വാഗ്ദാനം.
Post a Comment