കണ്ണൂർ :- കൊടുംചൂടിൽ കടൽവെള്ളവും പൊള്ളാൻ തുടങ്ങിയതോടെ മീനുകൾ കടലിൻ്റെ അടിത്തട്ടിലേക്കോ തണുപ്പുള്ള മേഖലകളിലേക്കോ നീങ്ങിയതാണു കടപ്പുറം വറുതിയിലാകാൻ കാരണം. കടലിന്റെ മേൽത്തട്ടിലെ മീനുകളാണ് വഞ്ചികളിലുള്ളവർ പിടികൂടിയിരുന്നത്. വഞ്ചികളിൽ മീൻ പിടിക്കാൻ പോകുന്ന ആയിക്കരയിലും ബോട്ടുകളിൽ പോകുന്ന അഴീക്കലിലും നിരാശയോടെയാണു മീൻപിടിത്തക്കാർ തിരിച്ചെത്തുന്നത്. ആന്ധ്രതീരത്തേക്കാണു മത്തികൾ ആശ്വാസംതേടി പോയത്.
സാധാരണ മത്തിയും അയലയും കിട്ടിയിരുന്ന ഈ സീസണിൽ ചുരയും വേളൂരിയുമാണ് ഏക ആശ്വാസമായി കിട്ടുന്നത്. അതുതന്നെ കടലിൽ മൂന്നോ നാലോ ദിവസം പ്രതീക്ഷയോടെ നിന്നാൽ മാത്രം. അപ്പോഴേക്കും ഇന്ധനച്ചെലവും കൂടും. ഫലത്തിൽ നഷ്ടത്തിൽ നിന്നു നഷ്ടത്തിലേക്കു നീങ്ങുകയാണ് ബോട്ടുടമകളും മീൻപിടിത്തക്കാരും. നത്തൽ, പുതിയാപ്ല, അയല എന്നിവയും ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് ബോട്ടിൽ പോകുന്നവർ പറയുന്നത്.
ഇനി മഴ ശക്തമായാൽ മാത്രമേ മീൻ ലഭ്യത കൂടുകയുള്ളുവെന്നാണു വിലയിരുത്തൽ. അപ്പോഴേക്കും ട്രോളിങ് നിരോധനമെത്തും. വീണ്ടും രണ്ടുമാസത്തോളം വറുതി തന്നെ. പ്രതിസന്ധിയുടെ ആഴം കുട്ടാൻ മുംബൈ, മംഗളൂരു എന്നിവിടങ്ങളിലെ ട്രോളർ ബോട്ടുകളും എത്തുന്നുണ്ട്. രാത്രി ലൈറ്റിട്ട് മീൻ പിടിക്കുന്ന ട്രോളർ ബോട്ടുകൾ ചെറുമീനുകളെ വരെ കൂട്ടത്തോടെ വലയിൽ കോരിയെടുക്കുന്നതിനാൽ ചെറുബോട്ടുകളിൽ പോകുന്നവർ നിരാശരായി മടങ്ങേണ്ടി വരുന്നു. 12 നോട്ടിക്കൽ മൈലിനപ്പുറത്തുള്ള ട്രോളർ ബോട്ടുകളെ ഫിഷറീസ് വകുപ്പിനു പിടികൂടാനും കഴിയില്ല. അതും മത്സ്യലഭ്യതയെ ഗണ്യമായി ബാധിച്ചിട്ടുണ്ട്.

Post a Comment