'സ്ഥാനാർത്ഥി നിർണയത്തിൽ അവഗണിച്ചു'; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിന റഷീദ്



കോഴിക്കോട്: വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂര്‍ബിന റഷീദ്. സ്ഥാനാർത്ഥി നിർണയത്തിൽ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചെന്നാരോപിച്ചാണ് രാജി. ഫാത്തിമ തഹ്‌ലിയയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ വിമർശനവുമായി നേരത്തെ നൂര്‍ബിന രംഗത്തെത്തിയിരുന്നു. ഫാത്തിമ തഹ്ലിയയെ സ്ഥാനാർത്ഥിയാക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകിയതാണ്. അവരെല്ലാം സ്ഥിരമായി പാണക്കാട് വീട്ടിലെത്താറുണ്ടായിരുന്നുവെന്ന് മലപ്പുറം ജില്ലയിലെ പലരും തനിക്ക് മെസേജ് അയച്ചു. ഫാത്തിമ തഹ്ലിയ ഉൾപ്പെടെയുള്ളവർ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാകുമെന്നും നൂർബിന ആരോപിച്ചു.


'ഒരുവിധത്തിലുള്ള ലൈംഗിക ആരോപണവും ഉന്നയിക്കാനുള്ള അവസരവും ഞങ്ങൾ ഉണ്ടാക്കിയിട്ടില്ല. എന്നാൽ മൂന്ന് പെൺകുട്ടികളെത്തി ഒരു സുപ്രഭാതത്തിൽ ലൈംഗികാരോപണം ഉന്നയിച്ചു. അതിക്രമം നേരിട്ടാൽ വീട്ടു വീഴ്ചയില്ലാതെ പോരാടണം. എന്നാൽ മടികൂടാതെ ആ കേസ് പിൻവലിച്ചു. എവിടെ പോയി ആദർശം. പുതിയ തലമുറ വഴിതെറ്റാൻ പാടില്ല. പുതിയ തലമുറയ്ക്ക് ഒരുനിയമം ഞങ്ങൾക്ക് വേറെ നിയമം എന്നത് പറ്റില്ല', അവർ പറഞ്ഞു.

സീറ്റ് കിട്ടാത്തതിലല്ല രാജി. നൂര്‍ബിന റഷീദ് എന്ന വ്യക്തിക്ക് വേണ്ടിയല്ല താൻ സംസാരിക്കുന്നതെന്നും കെട്ടിപ്പടുത്തുയർത്തിയ വനിതാ ലീഗിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും അവർ പറഞ്ഞു. കല്ലും മുള്ളും താണ്ടിയാണ് വനിതാ ലീഗിനെ കെട്ടിപ്പടുത്തത്. ഒഴുക്കിനെതിരെ നീന്തിയ മുസ്ലിം വനിതയാണ് താൻ. പാണക്കാട് തങ്ങൾ ഏൽപിച്ച ദൗത്യം പൂർത്തിയാക്കി. പാർലമെന്ററി പാർട്ടി സ്ഥാനം വ്യാമോഹിച്ചല്ല പാർട്ടിയിലെത്തിയത്. വ്യക്തിക്ക് വേണ്ടിയല്ല, ആദർശങ്ങൾക്കും നിലപാടിനും വേണ്ടിയാണ് സംസാരിക്കുന്നതെന്നും അവർ പറഞ്ഞു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement