കൊള്ളാല്ലോ കേരളം, പ്രതികൂല ചിന്തകൾ നിഷ്പ്രഭമാകും; ജനങ്ങള്‍ നല്‍കുന്ന ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു



നമ്മുടെ ജീവിതവും മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും ജീവിതനിലവാരവും കേരളത്തില്‍ ലഭ്യമായിക്കഴിഞ്ഞുവെന്നാണ് പല സര്‍വ്വേകളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്ന ഗതാഗതസംവിധാനങ്ങളും ഏതുതരത്തിലുള്ള വ്യവസായങ്ങള്‍ക്കും ചുവടുറപ്പിക്കാന്‍ അനുയോജ്യമായ പരിതസ്ഥിതിയും ചെറുപ്പക്കാരെ ആവേശംകൊള്ളിക്കുന്ന സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയുംവിധത്തിലുള്ള ചെറുതും വലുതുമായ ജോലി സാധ്യതകളും മെച്ചപ്പെട്ട ആരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങളും ഏതു പ്രതികൂലാവസ്ഥയിലും എല്ലാവിഭാഗം ആളുകളേയും ചേര്‍ത്തുപിടിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും എല്ലാം കഴിഞ്ഞ പത്തുവര്‍ഷക്കാലയളവില്‍ സമാനതകളില്ലാത്ത രീതിയിലാണ് വളര്‍ന്നത്. ഇതൊക്കെ ഓരോരുത്തരുടേയും ജീവിതത്തില്‍ പ്രതിഫലിച്ചുകാണുന്നുവെന്നതാണ് സവിശേഷത. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കപ്പുറം സ്വന്തം ജീവിതത്തിലേക്കും കുടുംബത്തിലേക്കും നോക്കി അവിടെയുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് ജനങ്ങള്‍ വിധിയെഴുതുമെന്ന ഇടതുപക്ഷത്തിന്റെ ഉറപ്പിന്റെ കാരണവും ഇതൊക്കെയാണ്.

കേരളത്തിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള ചെറുപ്പക്കാരുടെ കുടിയേറ്റ നിരക്ക് 2018നുശേഷം കുറഞ്ഞുവരുന്നതായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോണററി ഫെലോ എസ്. ഇരുദയ രാജൻ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. 2003ൽ 18 ലക്ഷം പേരാണ് കേരളത്തിൽനിന്ന് ഇതര രാജ്യങ്ങളിലേക്ക് കുടിയേറിയതെങ്കിൽ 2013ൽ അത് 24 ലക്ഷത്തിലേക്ക് വര്‍ധിച്ചിരുന്നു. 2018 ആയപ്പോൾ ഇത് 21 ലക്ഷത്തിലേക്ക് കുറഞ്ഞു. 2018 ലെ സര്‍വ്വേ പ്രകാരം കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രവാസികള്‍ 12 ലക്ഷമായിരുന്നെങ്കില്‍ 2023ല്‍ അത് 18 ലക്ഷമായി. വിദേശ രാജ്യങ്ങളിലെ സാഹചര്യങ്ങൾ പ്രതികൂലമാകുകയും കേരളത്തിലെ സാഹചര്യങ്ങൾ അനുകൂലമാകുകയും ചെയ്തതോടെയാണ് ഇത്തരത്തിലൊരു മാറ്റം പ്രകടമായിത്തുടങ്ങിയതെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങിയെന്നതിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.

ആളുകളുടെ സന്തോഷവും സംതൃപ്തിയും അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന ഹാപ്പി ഇന്‍ഡക്സിലും കേരളം ഏറെ മുന്നിലാണ്. ഇന്‍ഡ്യാ ടുഡേ 2021ല്‍ നടത്തിയ സര്‍വ്വേയിലാണ് ഹാപ്പി ഇന്‍ഡക്സില്‍ കേരളം ഒന്നാമതെത്തുന്നത്. ആളോഹരി വരുമാനം, വിദ്യാഭ്യാസനിലവാരം, ആരോഗ്യപരിരക്ഷ, അടിസ്ഥാനസൗകര്യങ്ങള്‍, നിയമവാഴ്ച, പരിസ്ഥിതി, വൃത്തി, തൊഴില്‍ ലഭ്യത തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ചശേഷമാണ് ജനങ്ങളുടെ അഭിവൃദ്ധി നിശ്ചയിച്ച് ഹാപ്പി ഇന്‍ഡക്സ് തീരുമാനിക്കുന്നത്. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള നിതി ആയോഗിന്റെ ഒട്ടേറെ റിപ്പോര്‍ട്ടുകളിലും പല മേഖലകളിലും കേരളം ഇന്ന് മുന്നിലാണ്.

ഓരോ ആളുകളും അവരവരുടെ ജീവിതനിലവാരത്തിലേക്കും അനുഭവങ്ങളിലേക്കും തിരിഞ്ഞുനോക്കിയാല്‍ സമാനതകളില്ലാത്ത അനുഭവങ്ങളാണ് സാക്ഷ്യപ്പെടുത്താനാകുക. ഓരോരുത്തര്‍ക്കും എടുത്തുപറയാന്‍ ഒന്നിലേറെ നേട്ടങ്ങളും അനുഭവങ്ങളും നല്‍കിയെന്നതാണ് കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ സര്‍ക്കാരുകളുടെ പ്രധാന മേന്മ. വാഗ്ദാനങ്ങളിലൊതുങ്ങാതെ പ്രവ‍ൃത്തിയിലൂന്നിയുള്ള ജനസേവനം.

ദിവസക്കൂലിക്കാരെ സംബന്ധിച്ചിടത്തോളം വരുമാനം നിലയ്ക്കുകയും പട്ടിണിയാകുമോയെന്നു ഭയക്കുകയും ചെയ്ത കോവിഡ് മഹാമാരിക്കാലത്ത് ഓരോരുത്തര്‍ക്കും കൈത്താങ്ങാകുംവിധത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. ആരും പട്ടിണി കിടന്നില്ല. വരുമാനനഷ്ടത്തിനിടയിലും ആകുംവിധത്തിലുള്ള സാമ്പത്തിക സഹായങ്ങളും ഓരോ വ്യക്തികള്‍ക്കായി എത്തിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. പ്രതിമാസം 600 രൂപയില്‍ നിന്ന് 2500 രൂപയിലേക്കാണ് പത്തുവര്‍ഷം കൊണ്ട് പെന്‍ഷന്‍ ഉയര്‍ത്തിയതിലൂടെ ക്ഷേമ പെന്‍ഷന്‍ മാത്രം ആശ്രയമായുള്ള ലക്ഷക്കണക്കിനു സാധാരണക്കാര്‍ക്കാണ് സര്‍ക്കാര്‍ ആശ്വാസമായത്. രണ്ട് പ്രളയങ്ങള്‍ തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലായിരുന്നു ഇത്. പ്രതീക്ഷകള്‍ കൈവിട്ടുപോയ ജനതയ്ക്ക് ഒരു സര്‍ക്കാര്‍ എങ്ങനെയൊക്കെ കൈത്താങ്ങാകാമെന്ന് കേരളം കണ്ടു.

വ്യാപാരികളും വ്യവസായികളും ഉദ്യോഗസ്ഥരും സാധാരണക്കാരുമുള്‍പ്പെടെ സകല ആളുകളുടേയും ജീവിതനിലവാരത്തില്‍ കാര്യമായ വര്‍ധനവുണ്ടാക്കിയത് കേരളത്തിലെ അടിസ്ഥാന സൗകര്യവികസനമാണ്. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലും നഗരങ്ങള്‍ തമ്മിലുമുള്ള കണക്ടിവിറ്റിയിലെ വര്‍ധനവ് എല്ലായിടത്തും ദൃശ്യമാണ്. പല മേഖലകളിലും യാത്രാസമയം കുറഞ്ഞു. അടിയന്തരാവശ്യങ്ങള്‍ക്കുള്ള യാത്രയിലും ചരക്കുനീക്കത്തിലും ഇത് സൃഷ്ടിച്ച മാറ്റം വളരെ വലുതാണ്. മികച്ച റോഡുകള്‍ യാത്രസമയം കുറച്ചതിനൊപ്പം ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയും സുരക്ഷ കൂട്ടുകയും ചെയ്തു. ഒരുദിവസമെങ്കിലും നിരത്തിലേക്ക് ഇറങ്ങുന്നവര്‍ക്ക് ഈ വികസനത്തോട് മുഖം തിരിക്കാനാകില്ല.

പതിനായിരംപേര്‍ മാത്രം താമസിക്കുന്ന പെരുമ്പളം ദ്വീപിനെ ആളെണ്ണം പറഞ്ഞ് അവഗണിക്കാതെ പുറംലോകവുമായി ബന്ധിപ്പിക്കാന്‍ 100 കോടി രൂപ ചെലവിലാണ് പാലം നിര്‍മിച്ചത്. ആദിവാസി ഉന്നതികളുള്‍പ്പെടെ ഒറ്റപ്പെട്ടു കിടന്ന ഒട്ടേറെ സ്ഥലങ്ങള്‍ ഇന്ന് പുറംലോകവുമായി മികച്ച കണക്ടിവിറ്റി നേടിക്കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വിതുരയ്ക്കടുത്ത് നിര്‍മിച്ച കുമ്പിച്ചല്‍ കടവ് പാലംപോലുള്ളവ യാത്രാസൗകര്യത്തിലുപരി സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍കൂടിയാണ്. പ്രദേശവാസികളുടെ സാമ്പത്തികാഭിവൃദ്ധിക്ക് പാലങ്ങള്‍ എങ്ങനെയാണ് പരോക്ഷമായി വഴിതെളിക്കുന്നതെന്നതിന്റെ ഉദാഹരണങ്ങളാണിവ.

ചികില്‍സക്കായി സ്വകാര്യ ആശുപത്രികള്‍ മാത്രമെന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായതിന്റെ പ്രധാന തെളിവ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണമാണ്. മരുന്നുകള്‍ മുതല്‍ ആരോഗ്യപരിരക്ഷാ ഉപകരണങ്ങള്‍വരെ സൗജന്യമായി ലഭിക്കുന്നതും ലാബ് പരിശോധനകള്‍ ഉള്‍പ്പെടെ ചെലവില്ലാതെ നടത്താമെന്നതും എല്ലാത്തരം ആളുകളേയും സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്തിച്ചു. രോഗികളുടെ എണ്ണം വര്‍ധിച്ചതിനനുസരിച്ച് സൗകര്യങ്ങള്‍ പിന്നെയും വര്‍ധിപ്പിക്കാതെ തരമില്ലെന്നായി. കിഫ്ബി ഫണ്ടാണ് അടിസ്ഥാനസൗകര്യ വികസനത്തില്‍ വലിയ മാറ്റം കൊണ്ടുവന്നത്. താലൂക്ക്, ജില്ലാതല ആശുപത്രികള്‍ക്കൊക്കെ മികച്ച കെട്ടിടങ്ങളും സൗകര്യങ്ങളുമുണ്ടായി. ഒരുതവണയെങ്കിലും സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്നവര്‍ക്ക് രോഗികളുടെ തിരക്കല്ലാതെ മറ്റൊരു ബുദ്ധിമുട്ടും ഇന്ന് കേരളത്തില്‍ നേരിടേണ്ടിവരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

2016ല്‍ അഞ്ചാം ക്ലാസില്‍ പഠിച്ചിരുന്ന കുട്ടി ഇത്തവണത്തെ കന്നി വോട്ടറാണ്. അന്നും അതിനു മുന്‍പുമായി അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിച്ചിരുന്നവരൊക്കെ ഇന്ന് വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ള കുട്ടികളാണ്. അക്കാലത്ത് ഓണപ്പരീക്ഷവരെ കാത്തിരിക്കണമായിരുന്നു പാഠപുസ്തകങ്ങള്‍ കിട്ടാനെന്നത് അവരാരും മറന്നിട്ടുണ്ടാകില്ല. വാര്‍ഷികപരീക്ഷയുടെ കാലമാകുമ്പോള്‍ അവരെയെല്ലാം അലട്ടിയിരുന്നത് കറണ്ട് കട്ട് എന്ന ഭീഷണിയായിരുന്നു. വിളക്കിലൊഴിക്കാന്‍ മണ്ണെണ്ണപോലും ആവശ്യത്തിനു കിട്ടാതിരുന്ന കാലത്തുനിന്നാണ് സ്കൂളടയ്ക്കും മുന്‍പേ പാഠപുസ്തകങ്ങള്‍ കയ്യിലെത്തുകയും പവര്‍ കട്ടെന്നത് കേട്ടുകേള്‍വി മാത്രമാകുകയും ചെയ്ത കാലത്തേക്ക് കേരളം മാറിയത്.

ഓരോ വ്യക്തികളുടേയും ദൈനംദിന ജീവിതത്തില്‍തന്നെ മാറ്റം പ്രകടമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആ മാറ്റം പതിവായി പ്രതിഫലിക്കുന്നതിനാല്‍ ചിലപ്പോഴത് ശ്രദ്ധയ്ക്കപ്പുറമായെന്നും വരാം. പക്ഷേ, റോഡിലേക്കിറങ്ങുമ്പോള്‍ തോന്നുന്ന ആശ്വാസവും ചെറിയൊരു പനി വന്നാല്‍പോലും ഉടനടി സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പോകാന്‍ തോന്നുന്നതും കുട്ടികളെ ധൈര്യപൂര്‍വ്വം പൊതുവിദ്യാലയങ്ങളിലേക്കയക്കാന്‍ ആളുകള്‍ ബോധപൂര്‍വ്വമല്ലാതെ തീരുമാനിക്കുന്നതുമൊക്കെ അവരവരുടെ ജീവിതനിലവാരത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ടുവന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ്.

ആരു ഭരിച്ചാലും റോഡും പാലവുമൊക്കെ സ്വാഭാവിക വികസനത്തിന്റെ ഭാഗമായി വന്നുകൊള്ളുമെന്ന ധാരണയെ തിരുത്തുകകൂടിയായിരുന്നു കഴിഞ്ഞ രണ്ടു സര്‍ക്കാരുകള്‍ ചെയ്തത്. കിഫ്ബി പോലൊരു സംവിധാനമില്ലായിരുന്നെങ്കില്‍ ബിഎംബിസി നിലവാരത്തിലുള്ള മികച്ച പാതകളും ആശുപത്രികളുടേയും സ്കൂളുകളുടേയും അടിസ്ഥാനസൗകര്യ വികസനവും ആരേയും അത്ഭുതപ്പെടുത്തുന്ന, ജില്ലതോറുമുള്ള സിന്തറ്റിക് സ്റ്റേഡിയങ്ങളും ഒന്നും കേരളത്തിലുണ്ടാകുമായിരുന്നില്ല. എന്തിന്, ദേശീയപാതപോലും ഇത്തത്തേതുപോലെ വികസിക്കുമായിരുന്നില്ല. റോഡും പാലവും വെറുതേ പണിയുന്നതിലല്ല ദീര്‍ഘവീക്ഷണത്തോടെ എല്ലാ വിഭാഗം ആളുകളേയും ചേര്‍ത്തുപിടിച്ച് ഭാവിയിലേക്ക് വികസനം കരുപ്പിടിപ്പിക്കുന്നതിലാണ് കാര്യക്ഷമതയുള്ള ഭരണസംവിധാനത്തിന്റെ മികവ്.

ഇനിയും മെച്ചപ്പെടുത്തേണ്ട മേഖലകളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ച് മുന്നോട്ടുപോകാനുള്ള അനുമതികൂടിയാണ് സര്‍ക്കാര്‍ തേടുന്നത്.

ഓരോരുത്തരും അവരവരുടെ ജീവിതം പറയുന്നതെന്തെന്നും കഴിഞ്ഞ പത്തുവര്‍ഷക്കാലം അത് എന്തൊക്കെ മാറ്റങ്ങളാണ് കണ്‍മുന്നിലും ജീവിതത്തിലും സൃഷ്ടിച്ചതെന്നും കൃത്യമായി മനസ്സിലാക്കി ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്കു പോയാല്‍ നെഗറ്റീവ് ക്യാംപെയ്നുകളും പ്രതികൂല ചിന്തകളും കേരളത്തില്‍ നിഷ്പ്രഭമാകുമെന്ന് ഉറപ്പാണ്. ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിലാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement