ഉദ്ഘാടനം ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നില്ല; കരിയാട് മൽസ്യമാർക്കറ്റ് ആന്റ് ടോയ്ലറ്റ് നശിക്കുന്നു, നഗര സഭയ്ക്ക് ലക്ഷകണക്കിന് രൂപ വരുമാന നഷ്ടം



പാനൂർ : ഉദ്ഘാടനം കഴിഞ്ഞിട്ട് 10 മാസമാ യിട്ടും കരിയാട് മൽസ്യമാർക്കറ്റ് ആന്റ് ടോയ്ലറ്റ് ഇതു വരെ തുറന്ന് നൽകിയില്ല. 22 ലക്ഷം രൂപ ചെലവഴിച്ചാണ് പഴയ മൽസ്യമാർക്കറ്റ് പൊളിച്ച് പുതിയ മൽസ്യ മാർക്കറ്റും പൊതുജനങ്ങൾക്കായി ടോയ്ലറ്റും നിർമ്മിച്ചത്. 2025 ജൂൺ ആറിനാണ് ഈ കെട്ടിടം അന്നത്തെ നഗരസഭ ചെയർമാൻ കെ.പി.ഹാഷിമാണ് ഉദ്ഘാടനം ചെയ്തത്. നിര്യാതനായ മുൻ കൗൺസിലർ എൻ. എ. കരീമിന്റെ നിരന്തരമായ പരിശ്രമത്തിലൂടെ നഗരസഭ ഫണ്ട് ഉപയോഗിച്ച് ഇത് പണിതത്. ഉദ്ഘാടനം ദിവസം തുറന്നതെല്ലാതെ ഇതുവരെ ഈ കെട്ടിടം തുറന്നിട്ടില്ല. ടൗണിലെത്തുന്ന നൂറുകണക്കിന് പേർക്ക് മലമൂത്രവിസർജനത്തിന് ഏറെ ഉപകാര പ്രദമായ ഈ ടോയ്ലറ്റ് ചോദിക്കാനും പറയാനുമാരുമില്ലാതെ ഇരുമ്പ് ഗ്രീൽസുകളടക്കം തുരുമ്പെടുത്ത് അനാഥമായി കിടന്ന് നശിക്കുകയാണ്. കൂടാതെ ഉദ്ഘാടനം കഴിഞ്ഞ് ഇത്ര മാസമായിട്ടും ഇവിടെ വെള്ളമോ വൈദ്യുതിയോ സ്ഥാപിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ മാർക്കറ്റ് ലേലം നടത്തിയെങ്കിലും ലേല നടപടികൾ പൂർത്തീകരിക്കാൻ നഗരസഭയ്ക്ക് സാധിച്ചില്ല. മൽസ്യ മാർക്കറ്റ് തുറന്ന് നൽകിയാൽ ലക്ഷകണക്കിന് രൂപ നഗരസഭയ്ക്ക് വരുമാനമായി ലഭിക്കും. ഇതൊന്നും ഉപയോഗപ്പെടുത്താതെ ഇരുട്ടിൽ തപ്പുകയാണ് നഗരസഭ. നഗരസഭയുടെ കീഴിലുള്ള പെരിങ്ങത്തൂർ മൽസ്യമാർക്കറ്റിൽ നിന്നും ലേലം ചെയ്ത് നൽകിയതിലൂടെ 5 ലക്ഷം രൂപയോളം നഗരസഭയ്ക്ക് വരുമാനമായി ലഭിക്കുന്നുണ്ട്. ഇത്ര തന്നെ വരുമാന സാധ്യതയുള്ള മൽസ്യമാർക്കറ്റാണ് കരിയാട് മൽസ്യമാർക്കറ്റ്. ഈ മൽസ്യമാർക്കറ്റിന് പുറത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് നിരവധി സ്വകാര്യ മൽസ്യവിൽപന ശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ലൈസൻസുള്ളവയും ഇല്ലാത്തവയുമുണ്ട്. ഇവിടെ ലൈസൻസ് അനുവദിച്ചത് തന്നെ മാനദണ്ഡങ്ങൾ ലംഘിച്ചാണ്. പൊതു മൽസ്യമാർക്കറ്റിന് പരിസരത്ത് സ്വകാര്യ മൽസ്യവിൽപന ശാലകൾ പ്രവർത്തിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചാണ് ഇവയിൽ മിക്കതും പ്രവർത്തിക്കുന്നത്. കരിയാട് - കിടഞ്ഞി റോഡ് തടസ്സപ്പെടുത്തിയാണ് രാവിലെയും വൈകുന്നേരവും സ്വകാര്യ മൽസ്യവിൽപനക്കാർ വിൽപന നടത്തുന്നത്. റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നതിനെ ചൊല്ലി പലപ്പോഴും വാക്കേറ്റങ്ങൾ ഉണ്ടാവാറുണ്ട്. പൊതു ജനങ്ങൾക്കായി നിർമ്മിച്ച മൽസ്യമാർക്കറ്റും ടോയ്ലറ്റും ഉടൻ തുറന്ന് നൽകണമെന്ന് സിപിഎം നേതാവും പാനൂർ നഗരസഭ കൗൺസിലറുമായ എം.ടി. കെ. ബാബുവും പ്രദേശത്തെ മനുഷ്യാവകാശ പ്രവർത്തകനായ ഹമീദ് കിടഞ്ഞിയും ആവശ്യപ്പെട്ടു. പൊതു മൽസ്യമാർക്കറ്റിന് പുറത്ത് പ്രവർത്തിക്കുന്ന സ്വകാര്യ മൽസ്യ വിൽപനശാലകൾ അടച്ചുപൂട്ടി ആ നടത്തിപ്പുകാരെയാക്കം നഗരസഭയുടെ മാർക്കറ്റിൽ പ്രവർത്തിക്കാൻ സൗകര്യമൊരുക്കുന്നതിനായി പ്രവർത്തിക്കുമെന്ന് നഗരസഭ കൗൺസിലർ സമീന ഇല്യാസ് മാധ്യമത്തോട് പറഞ്ഞു. എന്നാൽ മാത്രമേ ലക്ഷ കണക്കിന് രൂപ നഗരസഭ ഫണ്ട് ചെലവഴിച്ച് നിർമ്മിച്ച ഈ കെട്ടിടം ഉപയോഗപ്പെടുത്താനാവൂ. കൂടാതെ നഗരസഭയുടെ വരുമാന നഷ്ടം ഒഴിവാക്കാനാവുമെന്നും അവർ പറഞ്ഞു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement