തിരുവനന്തപുരം :- കേരളം വിധിയെഴുതിക്കഴിഞ്ഞപ്പോൾ സംസ്ഥാനത്തെ മണ്ഡലങ്ങളിൽ പോളിംഗ് ശതമാനത്തിൽ വൻ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്താണ് ഇത്തവണ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 84.83 ശതമാനം പേരാണ് ഇവിടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും പോളിംഗ് 80 ശതമാനത്തിന് മുകളിലേക്ക് ഉയർന്നത് രാഷ്ട്രീയ മുന്നണികളെ ഒരേപോലെ ആവേശത്തിലാഴ്ത്തുന്നു.
സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലങ്ങളിലെല്ലാം പോളിംഗ് റെക്കോർഡ് നിലവാരത്തിലാണ്. കുന്നമംഗലം ഒന്നാമത് നിൽക്കുമ്പോൾ തൊട്ടുപിന്നാലെ 84.63 ശതമാനവുമായി പാലക്കാട് ജില്ലയിലെ ചിറ്റൂരുണ്ട്. ട്വന്റി 20-യും എൻഡിഎയും ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന എറണാകുളത്തെ കുന്നത്തുനാട് 84.09 ശതമാനം പോളിംഗ് രേഖപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. മുഹമ്മദ് റിയാസും പി.വി. അൻവറും ഏറ്റുമുട്ടുന്ന ബേപ്പൂർ മണ്ഡലത്തിൽ 83.77 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന അരൂരിൽ 83.35 ശതമാനവും ഏറനാട് 83.29 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ചേരിയിൽ 82.52 ശതമാനവും കൊണ്ടോട്ടിയിൽ 82.48 ശതമാനവുമാണ് പോളിംഗ് നില. ഇലത്തൂർ 82.45 ശതമാനം രേഖപ്പെടുത്തിയപ്പോൾ ബിജെപി വലിയ പ്രതീക്ഷ വെക്കുന്ന പാലക്കാട് 82.33 ശതമാനം വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിച്ചു.
സംസ്ഥാനത്തുടനീളം മികച്ച പോളിംഗ് രേഖപ്പെടുത്തിയപ്പോഴും ചില മണ്ഡലങ്ങളിൽ വോട്ടർമാരുടെ പങ്കാളിത്തം താരതമ്യേന കുറവായിരുന്നു. പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് ഇത്തവണ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. 68.98 ശതമാനം മാത്രമാണ് ഇവിടെ പോളിംഗ് നടന്നത്. സംസ്ഥാനത്ത് വെറും മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് പോളിംഗ് 70 ശതമാനത്തിൽ താഴെ പോയത് എന്നത് ശ്രദ്ധേയമാണ്. കടുത്തുരുത്തിയിൽ 69.34 ശതമാനവും തിരുവല്ലയിൽ 69.47 ശതമാനവുമാണ് പോളിംഗ് നടന്നത്. കോന്നി 70.01 ശതമാനവും പുനലൂർ 70.99 ശതമാനവും രേഖപ്പെടുത്തി. 71.05 ശതമാനവുമായി ചെങ്ങന്നൂരും 71.50 ശതമാനവുമായി ആറന്മുളയും തൊട്ടുപിന്നാലെയുണ്ട്.
കുട്ടനാട് 71.84 ശതമാനവും മാവേലിക്കര 72.61 ശതമാനവും രേഖപ്പെടുത്തിയപ്പോൾ ചങ്ങനാശ്ശേരിയിൽ 73.16 ശതമാനം പോളിംഗ് നടന്നു. സെമി അർബൻ സ്വഭാവമുള്ള ചങ്ങനാശ്ശേരി പോലുള്ള മണ്ഡലങ്ങളിൽ 73 ശതമാനത്തിന് മുകളിൽ വോട്ട് രേഖപ്പെടുത്തിയത് മികച്ച കണക്കായി കരുതപ്പെടുമെങ്കിലും മറ്റ് മണ്ഡലങ്ങളുമായുള്ള താരതമ്യത്തിൽ ഇത് പട്ടികയിൽ താഴെയാണ്. വോട്ടെടുപ്പ് പൂർത്തിയായതോടെ കേരളം ഇനി മെയ് 4 ലെ വോട്ടെണ്ണൽ ദിനത്തിനായുള്ള കാത്തിരിപ്പിലാണ്.

Post a Comment