മൈസൂരുവിലെ വെള്ളക്കെട്ടിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി



കൽപറ്റ : ചൊവ്വാഴ്ച മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ നിയമ വിദ്യാർഥിയുടെ മൃതദേഹം
 കണ്ടെത്തി. കാര്യമ്പാടിയിലെ ലോഡിങ് തൊഴിലാളി പെലച്ചിക്കൽ ഷാജഹാന്റെ മകൻ ഷബ്നാസിനെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം സ്ഥലം സന്ദർശിക്കാൻ പോയപ്പോഴാണ് അപകടം.

മൈസൂരുവിലെ ബന്നൂരിലെ വെള്ളക്കെട്ടിലാണ് യുവാവിനെ കാണാതായത്. സംഭവം അറിഞ്ഞയുടനെ ഫയർഫോഴ്സും റസ്ക്യൂ സംഘങ്ങളും സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാൽ തിരച്ചിൽ രാവിലെ ആരംഭിക്കുമെന്ന നിലപാടിലായിരുന്നു. ഇതേത്തുടർന്ന് വയനാട് കൽപറ്റയിലെ തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങൾ രാത്രിയാത്രാ നിയന്ത്രണമുള്ള വനപാതയിലൂടെ പ്രത്യേക അനുമതി വാങ്ങി മൈസൂരുവിലേക്ക് തിരിക്കുകയായിരുന്നു.

പുലർച്ചെ ഒരു മണിയോടെ ഇവർ മൈസൂരുവിൽ എത്തിയെങ്കിലും അധികൃതരിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് അനുമതി ലഭിക്കാത്തതിനാൽ പുലർച്ചെ വരെ കാത്തിരുന്ന ശേഷമാണ് തിരച്ചിൽ നടത്തിയത്. തുർക്കി ജീവൻ രക്ഷാ സമിതി അംഗങ്ങളാണ് മൃതദേഹം വെള്ളക്കെട്ടിൽ നിന്ന് കണ്ടെടുത്തത്. മൈസൂരുവിൽ എൽഎൽബി വിദ്യാർഥിയാണ് മരിച്ച ഷബ്നാസ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement