കുറ്റ്യാടിയിൽ ഉറങ്ങിക്കിടന്ന കുട്ടികളുടെ കിടക്കയിൽ വെള്ളിക്കെട്ടൻ;തെരച്ചലിൽ വീട്ടിൽ നിന്ന് കണ്ടെത്തിയത് അഞ്ച് പാമ്പുകളെ



കോഴിക്കോട് കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. അതിതീവ്ര വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളിൽ നിന്നായി പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാൽ വലിയൊരു ദുരന്തം ഒഴിവായത്. തുടർന്ന് വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്പുകൾ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. ചുവരിലെ വിള്ളലുകൾ വഴിയോ വാതിലിനടിയിലൂടെയോ ആകാം പാമ്പുകൾ അകത്ത് കടന്നതെന്നാണ് നിഗമനം. പിടികൂടിയ പാമ്പുകളെ വനം വകുപ്പിന് കൈമാറി. ഇതിന് പിന്നാലെ പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റ വിവരവും പുറത്തുവന്നു.

സംസ്ഥാനത്ത് വേനൽ കടുത്തതോടെ തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിലേക്ക് കയറുന്നത് പതിവാകുകയാണ്. രാത്രികാലങ്ങളിൽ നിലത്ത് കിടന്നുറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.



പാമ്പ് കടി തിരിച്ചറിയാൻ വൈകരുത് എന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പാമ്പ് കടിയേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് ഡയറക്ടർ ജാഗ്രതാ നിർദ്ദേശം നൽകി. അത്യാഹിത വിഭാഗത്തിൽ എത്തുന്ന കേസുകളിൽ പാമ്പ് കടിയേൽക്കാനുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് ഡിഎംഒമാരുടെ യോഗത്തിൽ നിർദ്ദേശം നൽകി.

സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ പാമ്പ് കടിയേറ്റ കാര്യം ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞിരുന്നില്ല എന്നത് ഗൗരവകരമാണ്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ജീവനക്കാർക്ക് പരിശീലനം നൽകാനും ആന്റി വെനം നൽകുന്നതിൽ കാലതാമസം വരുത്തരുതെന്നും നിർദ്ദേശമുണ്ട്. നിലവിൽ സംസ്ഥാനത്ത് ആവശ്യത്തിന് ആന്റി വെനം സ്റ്റോക്കുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാമ്പുകടിയേൽക്കുന്ന സാഹചര്യമുണ്ടായാൽ ആന്റിവെനം ഉള്ള ആശുപത്രികൾ തേടി അലയേണ്ടതില്ലെന്നും, 108 ആംബുലൻസിനെ വിളിച്ചാൽ കൃത്യമായി ആശുപത്രിയിലെത്തിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ചിറയിൻകീഴ്, കോടാലി തുടങ്ങിയ സ്ഥലങ്ങളിൽ അടുത്തിടെ പാമ്പുകടിയേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് വലിയ ആശങ്ക ഉയർത്തുന്നുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement