ഷുഹൈബ് വധക്കേസ് വിചാരണയുമായി ബന്ധപ്പെട്ട് കോടതി മാറ്റത്തിന് വീണ്ടും ഹർജി, വിധി നാളെ



തലശ്ശേരി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂർ എടയന്നൂരിലെ ഷുഹൈബ് വധക്കേസ് വിചാരണ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് (മൂന്ന്) കോടതിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ജില്ലാ സെഷൻസ് കോടതിയിൽ വീണ്ടും ഹർജി നൽകി.

സത്യവാങ്മൂലം സമർപ്പിച്ചില്ലെന്നു പറഞ്ഞാണ് നേരത്തേ ഹർജി തള്ളിയത്. സത്യവാങ്മൂലം സഹിതമാണ് വീണ്ടും ഹർജി നൽകിയത്. കോടതി മാറ്റ ഹർജിയിൽ വ്യാഴാഴ്‌ച വാദം പൂർത്തിയായി. 6ന് വിധി പറയാനായി മാറ്റി. അതേസമയം, അഡീഷണൽ ജില്ലാ സെഷൻസ് (3)കോടതി 16 മുതൽ വിചാരണ നിശ്ചയിച്ചിട്ടുണ്ട്.

നീതിപൂർവമായ വിചാരണയ്ക്ക് മറ്റൊരു കോടതിയിലേക്ക് വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ പി വി ഹരി മുഖേനയാണ് പ്രതിഭാഗം ഹർജി നൽകിയത്. വിചാരണ നടപടിയിലെ പിഴവും ജഡ്‌ജിയുടെ പക്ഷപാതപരമായ സമീപനവും ചൂണ്ടിക്കാട്ടിയാണ് കോടതിമാറ്റ അപേക്ഷ നൽകിയത്.

ഇതിനു പിന്നാലെ മുഴുവൻ പ്രതികളുടെയും ജാമ്യം വിചാരണക്കോടതി റദ്ദാക്കിയിരുന്നു. അസാധാരണമായ ഈ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും 17 പ്രതികൾക്കും ജാമ്യം അനുവദിക്കുകയും ചെയ്‌തു. 

തില്ലങ്കേരിയിലെ എം വി ആകാശ് എന്ന ആകാശ് തില്ലങ്കേരി, പഴയപുരയിൽ രജി ൽരാജ്, കൃഷ്‌ണ നിവാസിൽ ദീപചന്ദ്, തയ്യുള്ളതിൽ ടി കെ അസ്‌കർ തുടങ്ങി 17 പേരാണ് പ്രതികൾ. 

2018 ഫെബ്രുവരി 12ന് രാത്രിയാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ കെ പത്മനാഭനും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ പി വി ഹരി, എൻ ആർ ഷാനവാസ്, സുനിൽ മഹേശ്വരൻപിള്ള എന്നിവരുമാണ് ഹാജരാകുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement