രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു. 19 കിലോഗ്രാം എല്‍പിജി സിലിണ്ടര്‍ വില 183 രൂപയാണ് കുറച്ചത്. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടര്‍ന്നായിരുന്നു വാണിജ്യ എല്‍പിജി സിലിണ്ടര്‍ വര്‍ധിപ്പിച്ചിരുന്നത്. നേരത്തെ വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. വാണിജ്യ എല്‍പിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് പുനഃസ്ഥാപിച്ചിരുന്നു.
ഇറാനെതിരായ യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണങ്ങള്‍ ലോകമെമ്പാടും കടുത്ത ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായി. ആക്രമണങ്ങളെത്തുടര്‍ന്ന്, ത ഹോര്‍മുസ് കടലിടുക്കിലൂടെ അസംസ്‌കൃത എണ്ണയും വാതകവും വഹിക്കുന്ന കപ്പലുകളുടെ നീക്കം ഇറാന്‍ തടഞ്ഞിരുന്നു. വിതരണത്തിലെ ഈ തടസമാണ് ലോകമെമ്പാടുമുള്ള പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ വിലയില്‍ കുത്തനെ വര്‍ദ്ധനവിന് കാരണമായത്.
ഹോര്‍മുസ് കടലിടുക്കില്‍ നിന്നുള്ള വിതരണ തടസ്സത്തെത്തുടര്‍ന്ന്, ഇന്ത്യയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില നാല് തവണ വര്‍ദ്ധിപ്പിച്ചിരുന്നു. ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയും രണ്ട് തവണയായി വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ ഇന്ധന വിലയും കേന്ദ്രസര്‍ക്കാര്‍ ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ഡീസല്‍ വില്‍പ്പന നിയന്ത്രണം കേന്ദ്രം പിന്‍വലിച്ചെങ്കിലും വിലവര്‍ധനവ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ നിര്‍ദേശങ്ങളൊന്നും വന്നിട്ടില്ല.

Post a Comment