കോഴിക്കോട്: ഇന്നലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം ഇന്നും പൂർണതോതിൽ ട്രാക്കിലായില്ല. ട്രെയിനുകൾ പലതും വൈകിയാണ് ഓടുന്നത്. തകർന്ന കെട്ടിടത്തിന്റെ ബാക്കിഭാഗം പൊളിച്ചു നീക്കുന്നതിനാൽ റെയിൽവെ സ്റ്റേഷനിലെ 2,3 പ്ലാറ്റ് ഫോമുകളിൽ ഇന്ന് ട്രെയിൻ സർവിസ് ഉണ്ടാകില്ല. നിലവിൽ ഒന്ന്, നാല് ട്രാക്കുകളിലൂടെയാണ് ട്രെയിനുകൾ കടത്തിവിടുന്നത്.
കണ്ണൂർ ഭാഗത്തുനിന്നുള്ള പരശുറാം എക്സ്പ്രസ് (16649), കണ്ണൂർ കോഴിക്കോട് പാസഞ്ചർ (56632), പാലക്കാട് എക്സ്പ്രസ് (16610), നേത്രാവതി എക്സ്പ്രസ് (16345) എന്നിവ ഒരുമണിക്കൂറോളം വൈകിയാണ് ഓടുന്നത്. വന്ദേഭാരത് (20631) മാത്രമാണ് നിലവിൽ സമയക്രമം പാലിക്കുന്നത്.
കൂടാതെ, കണ്ണൂർ – കോഴിക്കോട് പാസഞ്ചർ (56632) ഇന്ന് കോഴിക്കോടിന് പകരം വെസ്റ്റ് ഹില്ലിൽ സർവിസ് അവസാനിപ്പിക്കും. ഇത് നഗരത്തിലേക്കുള്ള യാത്രക്കാരെ വലക്കും. ഈ ട്രെയിൻ തിരിച്ചുപോകുന്നതും (കോഴിക്കോട് – കണ്ണൂർ പാസഞ്ചർ 56617) വെസ്റ്റ് ഹില്ലിൽ നിന്നായിരിക്കും. ഉച്ചയ്ക്ക് 2:16-നാണ് വെസ്റ്റ്ഹില്ലിൽനിന്ന് പുറപ്പെടുക.

Post a Comment