മട്ടന്നൂർ: മകന്റെയും അച്ഛന്റെയും ദാരുണാന്ത്യത്തിൽ കണ്ണീരണിഞ്ഞ് നാട്. വൈഷ്ണവിന്റെ പിറന്നാൾ ദിനത്തിലാണ് വാഹനാപകടത്തിന്റെ രൂപത്തിൽ ദുരന്തമെത്തിയത്. പിറന്നാളിന് അച്ഛൻ വിനോദിനോടൊപ്പം പുന്നാടുള്ള അച്ഛന്റെ വീട്ടിലേക്കും സാധനങ്ങൾ വാങ്ങാനുമായി പോയതായിരുന്നു വൈഷ്ണവ്. കൂരൻമുക്കിൽ വെച്ച് ബസിടിച്ച് ഗുരുതര പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർമാണപ്രവൃത്തി ചെയ്താണ് വിനോദ് കുടുംബം നോക്കിയിരുന്നത്. മകൻ വൈഷ്ണവ് വയറിങ് തൊഴിലാളിയാണ്.
പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലെത്തിച്ച മൃതദേഹം വീടിനു സമീപത്ത് പൊതുദർശനത്തിന് വെച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് അച്ഛനെയും മകനെയും അവസാനമായി ഒരു നോക്കു കാണാനെത്തിയത്. തുടർന്ന് പൊറോറയിലെ നഗരസഭ വാതക ശ്മശാനത്തിൽ സംസ്കരിച്ചു. വി.കെ. സനോജ് എം.എൽ.എ, നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, എം. രതീഷ്, വത്സൻ തില്ലങ്കേരി, ബിജു ഏളക്കുഴി, കെ.വി. ജയചന്ദ്രൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ അന്തിമോപചാരമർപ്പിച്ചു.
മട്ടന്നൂർ-ഇരിട്ടി റോഡിൽ യാത്രക്കാരുടെ ജീവന് ഭീഷണിയായി സ്വകാര്യ ബസുകളുടെ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അമിത വേഗം കാരണം നിരവധി പേരുടെ ജീവനാണ് പൊലിയുന്നത്. ഇന്നലെ കൂരൻമുക്കിൽ സ്കൂട്ടർ യാത്രക്കാരായ മട്ടന്നൂർ കോളാരിയിലെ പി. വിനോദ്, മകൻ വൈഷ്ണവ് എന്നിവരാണ് ബസിടിച്ച് മരിച്ചത്. അപകടത്തിനിടയാക്കിയ കണ്ണൂരിലേക്ക് പോകുന്ന ധനലക്ഷ്മി ബസ് രണ്ട് ഇരുചക്രവാഹനങ്ങളിലാണ് ഇടിച്ചത്. മുന്നിൽ പോയിരുന്ന സ്കൂട്ടറിൽ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ചപ്പോഴാണ് അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്. ഇതിനിടെ മറ്റൊരു സ്കൂട്ടറിലും ഇടിച്ചു.
കീഴൂരിൽ വെച്ച് ഒരു ഓട്ടോഡ്രൈവറുമായി ബസ് ജീവനക്കാർ വാക്കേറ്റമുണ്ടായെന്നും അതിനുശേഷം അമിതവേഗത്തിലാണ് ബസ് സഞ്ചരിച്ചതെന്നും യാത്രക്കാർ ആരോപിച്ചിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ കൂരൻമുക്കിൽ സ്വകാര്യബസുകൾ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. കൂത്തുപറമ്പ് എ.സി.പി. സിബി ടോമിന്റെ നേതൃത്വത്തിലുള്ള പൊലീസും ഇരിട്ടി നഗരസഭ ചെയർമാൻ വി. വിനോദ്കുമാർ ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പൊലീസും ആർ.ടി.ഒ അധികൃതരും ബസ് ജീവനക്കാരെയും പങ്കെടുപ്പിച്ച് യോഗം ചേരുമെന്നും മത്സരയോട്ടം തടയാൻ നടപടിയെടുക്കുമെന്നും ഇവർ ഉറപ്പു നൽകി.
ബസുകളുടെ അമിതവേഗം തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ഭീമഹരജി നൽകുന്നതിന് നാട്ടുകാർ സ്ഥലത്തുവെച്ച് ഒപ്പുശേഖരണവും നടത്തി.
ഉളിയിൽ മേഖലയിൽ നിരവധി പേർക്കാണ് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായത്. ബസുകളുടെ അമിതവേഗം ഇരുചക്രവാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ഭീഷണിയാണ്. റോഡ് മുറിച്ചുകടക്കുന്നവർക്ക് വാഹനമിടിച്ച് പരിക്കേൽക്കുന്നതും പതിവാണ്.

Post a Comment