കെട്ടിട തകർച്ച: കോഴിക്കോട് ട്രെയിൻ ഗതാഗതം താറുമാറായി; സമയത്തിൽ മാറ്റം, ജനശതാബ്ദി കല്ലായിയിൽനിന്ന് പുറപ്പെടും



കോഴിക്കോട്: കനത്തമഴയിൽ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. മിക്കട്രെയിനുകളും വൈകി ഓടും. അപകടത്തെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചാലും നാലാമത്തെ പ്ലാറ്റ്‌ഫോം മാത്രമാകും ഉപയോഗിക്കുക. 1,2,3 പ്ലാറ്റ്ഫോമുകൾ അടച്ചിടും.

കോഴിക്കോട് നിന്ന് ഉച്ച 1.45ന് പുറപ്പെടേണ്ട തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് 1.50ന് കല്ലായി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പുറപ്പെടുക. യാത്രക്കാർ കല്ലായിയിൽ എത്തണം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് കല്ലായിയിൽ യാത്ര അവസാനിപ്പിച്ചു. അവിടെ നിന്ന് നഗരത്തിലേക്ക് എത്താൻ കെ.എസ്.ആർ.ടി.സി ബസ് ഏർപ്പെടുത്തിയിരുന്നു. ബംഗളൂരു യശ്വന്ത്പൂർ എക്സ്പ്രസ് വെസ്റ്റ്ഹില്ലിൽ നിന്ന് പുറപ്പെടും.

ഇന്ന് രാവിലെ 11:10 ഓടെയാണ് കെട്ടിടം തകർന്നത്. തുടർന്ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ വഴി ട്രെയിനുകളൊന്നും കടത്തി വിട്ടിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗാമയി ട്രാക്കുകളിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചിരുന്നു. രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.

നേത്രാവതി, ഏറനാട് ട്രെയിനുകൾ വെള്ളയിൽ, വെസ്റ്റ് ഹിൽ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. മറ്റു ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലും സിഗ്നൽ പോയിന്റുകളിലും പിടിച്ചിട്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ട്രെയിനുകളുടെ മാറ്റിയ സമയക്രമം പുറത്തുവിട്ടിട്ടില്ല.

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കാണ് ക്ലോക്ക് ടവർ തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കിട്ടില്ല. പ്ലാറ്റ്ഫോമിൽ കോഴിക്കോട് -കണ്ണൂർ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരുന്നു. ഇത് ഉച്ച 2.05നാണ് പുറപ്പെടേണ്ടത്. അതിനാൽ യാത്രക്കാർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. 130 വർഷത്തോളം പഴക്കമുള്ള ക്ലോക്ക് ടവർ ബലക്ഷയത്തിലാണെന്ന് റെയിൽവെ അധികൃതർ കണ്ടെത്തിയിരുന്നു. ഇത് പൊളിച്ചുനീക്കുകയോ ബലപ്പെടുത്തുകയോ വേണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. അതിനിടെയാണ്, ഇന്നലെ രാത്രി മുതൽ ​പെയ്ത കനത്തമഴയിൽ കെട്ടിടം നിലംപതിച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement