നാദവിസ്മയം എസ്. ജാനകി അന്തരിച്ചു, സംഗീത ലോകത്തെ വിസ്മയിപ്പിച്ച പ്രതിഭ




വിഖ്യാത ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ 17 ഭാഷകളിലായി 48,000-ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ശ്വസന സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്ധ്രാപ്രദേ‌ശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ 23നായിരുന്നു ജാനകിയുടെ ജനനം. ശാസ്ത്രീയ പഠനത്തിന്റെ പിൻബലമില്ലാതെയാണ് സംഗീതത്തിന്റെ കൊടുമുടികളേറിയത്. 1956ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ ലഭിച്ച രണ്ടാംസ്ഥാനമാണ് ജാനകിയുടെ സംഗീതജീവിതത്തിനു ശുഭാരംഭം കുറിച്ചത്. പിന്നീട് ഇന്ത്യൻ സംഗീതത്തിന്റെ മുഖവും തെന്നിന്ത്യയുടെ അഭിമാനവുമായി.

ജാനകിയുടെ പാട്ട് കേൾക്കാതെ സംഗീതപ്രേമികളുടെ ഒരു ദിവസം പോലും കടന്നുപോകില്ല. ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം നടത്തുമ്പോൾ 19 വയസ് മാത്രമാണുള്ളത്. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി ഗാനങ്ങൾ ആലപിച്ചു. ഇതിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയിരിക്കുന്നത് കന്നടയിലാണ്.

1957ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വഴിയിൽ’ എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്. നാല് തവണ മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നേടി (1976 -സിന്ദൂര പൂവേ, 1980 -ഏറ്റുമാനൂർ അമ്പലത്തിൽ, 1984 -വെന്നല്ലോ ഗോദാരി, 1992 -ഇഞ്ചി ഇടിപ്പഴകാ). സംസ്ഥാന അവാർഡുകൾ: കേരള, തമിഴ്നാട്, ആന്ധ്രപ്രദേശ് സർക്കാറുകളുടെ നിരവധി മികച്ച ഗായികക്കുള്ള പുരസ്കാരങ്ങൾ ലഭിച്ചു. 2013ൽ കേന്ദ്ര സർക്കാർ പത്മഭൂഷൺ നൽകി ആദരിക്കാൻ തീരുമാനിച്ചെങ്കിലും അത് നിരസിക്കുകയായിരുന്നു.
1200ലധികം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. തളിരിട്ട കിനാക്കൾ (മൂടുപടം), വാസന്ത പഞ്ചമി നാളിൽ (ഭാർഗവീനിലയം), സൂര്യകാന്തീ.. സൂര്യകാന്തീ.. (കാട്ടുതുളസി), മനിമുകിലേ (കടത്തുകാരൻ), ഏറ്റുമാനൂർ അമ്പലത്തിൽ (ഓപ്പോൾ), തുമ്പി വാ തുമ്പിക്കുടത്തിന് (ഓളങ്ങൾ), മിഴിയോരം (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ) എന്നിവ ജാനകി പാടിയ മലയാള ഗാനങ്ങളാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement