ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. വിദ്യാർത്ഥികളോട് അധ്യാപകൻ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടതെന്നും റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. റാം മൂന്ന് മാസമായി ഒളിവിലാണെന്നും സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു.
മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസിൽ വരുന്നതെന്നും കോടതി അറിയിച്ചു. എന്നാൽ ഡോ. റാം ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നാണ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ലോൺ ആപ്പിനെ കുറിച്ച് ചോദിക്കുകയാണ് ചെയ്തതെന്നും അഭിഭാഷകൻ അറിയിച്ചു. ക്ലാസ് മുറിയിൽ ഒരു വിദ്യാർത്ഥിയെ ഈ രീതിയിൽ അപമാനിക്കുന്നതിന്റെ ഫലം എന്താണ് എന്ന് മനസ്സിലായില്ലേയെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി.അത്തരമൊരു പെരുമാറ്റത്തിലൂടെ അധ്യാപകന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും അറിയിച്ചു.
നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘമാണ് കേസന്വേഷിക്കുന്നത്. പല തവണ ഡോ. റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലും മറ്റും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളുമായി ഫോണിൽ ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്തെങ്കിലും പ്രതി എവിടെയുണ്ടെന്ന വിവരമൊന്നും ഇതുവരെ ലഭിച്ചില്ല. ഉപയോഗിച്ച ഫോണുകൾ പിന്നീട് പരിശോധിച്ചെങ്കിലും അത് പ്രവർത്തന രഹിതമായിരുന്നു.

Post a Comment