പുതുചിന്തകളുടെ സംവേദന വേദിയായി കളം 2026



കണ്ണൂര്‍: ജില്ലാ ഭരണകൂടം ജില്ലയിലെ 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന കളം 2026ന്റെ സെഷന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കലക്ടറുമായി സംവദിക്കാന്‍ ജില്ലയിലെ വിദ്യാര്‍ഥികല്‍ക്ക് അവസരമൊരുക്കന്നതാണ് കളം പരിപാടി. ഇത്തവണ കണ്ണൂര്‍ എസ് എന്‍ വിദ്യാ മന്ദിറില്‍ നിന്നുമുള്ള 42 വിദ്യാര്‍ത്ഥികളാണ് കളം പരിപാടിയില്‍ പങ്കെടുത്തത്. വിദ്യാര്‍ഥികളെ പത്ത് പേര്‍ വീതമുള്ള ഗ്രൂപ്പുകളാക്കി തിരിച്ച്, വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ ഫോട്ടോ കാര്‍ഡുകള്‍ നല്‍കിയ ശേഷം ചര്‍ച്ചയിലൂടെ അവരെ കുറിച്ച് ചെറുവിവരണം തയ്യറാക്കി അവതരിപ്പിക്കുന്നതായിരുന്നു പരിപാടിയുടെ ഒരു ഭാഗം. ജില്ലയുടെ പ്രത്യേകതകള്‍, പ്രാധാന്യം, പ്രകൃതി വൈവിധ്യം, വ്യക്തിത്വങ്ങളെ പരിചയപെടല്‍, ജെന്റര്‍ പ്രശ്‌നങ്ങള്‍, പൗര സമൂഹത്തിന്റെ കടമകള്‍, പരിസ്ഥിതി സംരക്ഷണം, ശുചിത്വ ബോധം തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികളുമായി ചര്‍ച്ചകള്‍ നടന്നു.

തുടര്‍ന്ന് ജില്ലാ കലക്ടര്‍ പി വിഷ്ണു രാജ്, അസി കലക്ടര്‍ എസ് സ്വാതി എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. ജീവിത വിജയത്തിനായുള്ള തൃഷ്ണ നല്ലതാണെന്നും എന്നാല്‍ അതില്‍ ചില അതിര്‍വരമ്പുകള്‍ സൂക്ഷിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വിജയദാഹത്തെ നേട്ടമാക്കി മാറ്റാന്‍ കഴിയണം. സന്തോഷങ്ങളും സങ്കടങ്ങളും ഒരു പോലെ സ്വീകരിക്കാന്‍ മനസ്സിനെ പ്രാപ്തമാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജെന്റര്‍ വിഷയങ്ങളെപ്പറ്റി അസി കലക്ടര്‍ സംസാരിച്ചു. പൊതു പ്രശ്‌നങ്ങള്‍, അനുഭവങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് കുട്ടികള്‍ ജില്ലാ കലക്ടര്‍ക്ക് കത്തെഴുതി നല്‍കി. ഈ കത്തുകള്‍ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാകലക്ടറുമൊന്നിച്ച് ഫോട്ടോ എടുത്ത ശേഷമാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞത്. ജില്ലയിലെ പൊതു- സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 40 കുട്ടികള്‍ക്കാണ് കളം 2026- ല്‍ പങ്കെടുക്കാന്‍ അവസരം. ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പദ്ധതിയിലുള്‍പ്പെട്ടവര്‍ക്കാണ് കളം പരിപാടിയുടെ സംഘാടന ചുമതല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement