കിൻഫ്രാ വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുത്ത നടപടികളിൽ ക്രമക്കേട്; വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു



കണ്ണൂർ : കേരള വ്യവസായ അടിസ്ഥാന സൗകര്യ വികസന കോർപ്പറേഷൻ (കിൻഫ്ര) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാവസായിക പാർക്കുകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ കിൻഫ്രാ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുത്ത നടപടികളിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കണ്ണൂർ വിജിലൻസ് യൂണിറ്റ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു.
പട്ടാന്നൂർ, കീഴല്ലൂർ, കോളാരി വില്ലേജുകളുടെ പരിധിയിൽപ്പെട്ട ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മട്ടന്നൂരിൽ പ്രവർത്തിച്ചുവന്ന സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

നിയമപരമായ രേഖകളില്ലാതെ സ്വകാര്യ വ്യക്തികൾ കൈവശം വെച്ചിരുന്ന ഭൂമിക്ക് വൻതുക നഷ്ടപരിഹാരമായി അനുവദിക്കുകയും പ്രസ്തുത തുക കോടതിയിൽ കെട്ടിവെക്കുകയും ചെയ്തതായും,

സർക്കാർ നിയമാനുസൃതമായി ഏറ്റെടുത്ത ഭൂമിക്ക് സ്വകാര്യ വ്യക്തികളിൽ നിന്നും നികുതി സ്വീകരിച്ച് കൈവശ സർട്ടിഫിക്കറ്റ് അനുവദിച്ചതായും, ഇതുവഴി അനർഹരായ സ്വകാര്യ വ്യക്തികൾക്ക് ഭൂമിയുടെ അവകാശം ലഭിക്കുന്നതിന് സാഹചര്യമൊരുക്കിയതായും സർക്കാരിന് വൻ സാമ്പത്തിക നഷ്ടം വരുത്തിയതായുമാണ് കേസിലെ ആരോപണം.

കേസിൽ സ്പെഷ്യൽ തഹസിൽദാരായിരുന്ന വി ഇ ഷേർളി, സ്പെഷ്യൽ റവന്യൂ ഇൻസ്പെക്ടർ കെ ഷാജി,  വാല്വേഷൻ അസിസ്റ്റന്റ് പി പ്രദീപ്കുമാർ,  പട്ടാന്നൂർ വില്ലേജ് ഓഫീസർ പി പി സക്കീർ  എന്നിവരാണ് പ്രതികൾ.

ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെ ഭൂമി ഏറ്റെടുക്കൽ, നഷ്ടപരിഹാര വിതരണം, നികുതി സ്വീകരിക്കൽ, കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കൽ തുടങ്ങിയ നടപടികൾ നടത്തിയെന്ന് 2025 നവംബർ മാസത്തിൽ കണ്ണൂർ ചാലാട് സ്വദേശി മനോജ് മൂർക്കോത്ത് കണ്ണൂർ വിജിലൻസ് യൂണിറ്റിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലും തുടർന്ന് പരാതിക്കാരൻ കേരളാ ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് പെറ്റീഷനിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്ന് പൂർത്തീകരിച്ച വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിലും പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. 

തുടർന്നാണ് വിജിലൻസ് ഡയറക്ടർ മനോജ്‌ എബ്രഹാം ഐ പി എസി ന്റെ നിർദ്ദേശ പ്രകാരം കണ്ണൂർ വിജിലൻസ് 
ഡി വൈ എസ് പി : ബാബു പെരിങ്ങേത്ത് ഇന്ന്  വിജിലൻസ് കേസ്സ് രജിസ്റ്റർ ചെയ്തത്.

കണ്ണൂർ വിജിലൻസ് യൂണിറ്റിലെ പോലീസ് ഇൻസ്പെക്ടർ ബി എസ് ബാവിഷ്  ആണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.

വിജിലൻസ് (ഉത്തരമേഖല) കോഴിക്കോട് ഓഫീസിലെ പോലീസ് സൂപ്രണ്ട്പി ബാലകൃഷ്ണൻ നായർ കേസിന്റെ മേൽനോട്ട ചുമതല വഹിക്കും.

സംസ്ഥാന സർക്കാർ പുതുതായി ആവിഷ്കരിച്ച അഴിമതി വിരുദ്ധ പ്രവർത്തനപദ്ധതിയായ ഓപ്പറേഷൻ സീറോ പ്രൊജക്ടിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനും അവയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്ന് വിജിലൻസ് അറിയിച്ചു.

 അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിജിലൻസിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് 1064 എന്ന ടോൾ ഫ്രീ നമ്പർ വഴി പരാതി അറിയിക്കാൻ പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement