ഗവ.മെഡിക്കൽ കോളജ് എംപാനൽ പട്ടികയിൽ; മുഖവൈകല്യ ശസ്ത്രക്രിയകൾക്ക് അനുമതി



പയ്യന്നൂർ: കണ്ണൂർ ഗവ. കോളജ് ആശുപത്രിയിൽ ജന്മനാലുള്ള വൈകല്യങ്ങളായ മുച്ചിറി, മേലണ്ണാക്ക് വിടവ് തുടങ്ങിയവ സർജറി ചെയ്യാൻ അനുമതി. നാഷനൽ ഹെൽത്ത് മിഷന്റെ സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ എം. പാനൽമെൻറിൽ ഉൾപ്പെട്ടതോടെയാണ് കണ്ണൂർ ഗവ. കോളജിന് ഈ അംഗീകാരം ലഭിച്ചത്.

2004 മുതൽ മേലണ്ണാക്ക്, മുച്ചിറി ശസ്ത്രക്രിയകൾ ഡെന്റൽ വിഭാഗങ്ങളായ ഓറൽ ആൻഡ്‌ മാക്സില്ലോ ഫേഷ്യൽ സർജറി ഡിപ്പാർട്മെന്റ് ചെയ്തുവരുന്നുണ്ട്. ശാസ്ത്രക്രിയക്കുമുമ്പും ഓപറേഷന് ശേഷവും ഈ കുട്ടികളെ തുടർചികിത്സ നടത്തുന്നത് ഡെന്റൽ വിഭാഗമായ ഓർത്തോഡോന്റിസ്റ്റ് വിഭാഗമാണ്. ഇ.എൻ.ടി, പ്ലാസ്റ്റിക് സർജറി, സ്‌പീച്ച് തെറാപ്പി, പീഡിയാട്രിക്സ് എന്നീ വിഭാഗങ്ങളുടെയും ഏകോപനം ഇത്തരം കുട്ടികളുടെ കൈകാര്യത്തിൽ വേണ്ടിവരാറുണ്ട്.

മൂന്നുനാലുഘട്ടങ്ങളിലായി ഓപറേഷനുകൾ വേണ്ടിവരും. ജനിച്ച ഉടനെ മുതൽ 18 വയസ്സ് വരെ നീളുന്നു ഇത്തരം കുട്ടികളുടെ ഫോളോ അപ്. 2004 മുതൽ തുടങ്ങുകയും നൂറിലധികം ഓപറേഷനുകൾ ഇതിനകം ചെയ്തുകഴിയുകയും ചെയ്തു.

ഓർത്തോ ഡോണ്ടിക്‌ വിഭാഗം ഡോ. തൃദീപ് ജില്ല ആശുപത്രിയിൽ പോയി മുച്ചിറി, അണ്ണാക്ക് വിടവ് രോഗികളെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോഴാണ് ഈ ശസ്ത്രക്രിയകൾ എം പാനൽ ചെയ്യാൻ വഴിതുറന്നത്.

മറ്റ് ആശുപത്രികളിൽനിന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് രോഗികളെ മാറ്റുന്നത് സുഗമമാക്കാൻ ആശുപത്രി എം. പാനൽമെന്റ് ചെയ്യുകയാണ് പോംവഴി എന്നറിഞ്ഞ ഡോ. തൃദീപ് നാഷനൽ ഹെൽത്ത്‌ മിഷനെ സമീപിച്ചു. അദ്ദേഹം മുൻകൈയെടുത്ത് നടത്തിയ പരിശ്രമങ്ങൾ ഒടുവിൽ ഫലം കണ്ടെത്തുകയായിരുന്നു.

കേരളത്തിൽ ആദ്യമായാണ് ഒരു ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് എംപാനൽ അംഗീകാരം ലഭിക്കുന്നത്. ഡോ. സോണി ജേക്കബ്, ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. സജി, മുൻ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവരും ഈ പ്രയത്നത്തിൽ പങ്കുചേർന്നു. എംപാനൽ ചെയ്ത ആശുപത്രികളിൽ സൗജന്യചികിത്സ ലഭിക്കും.

കേരളത്തിലെ ആദ്യത്തെ എംപാനൽ ചെയ്ത സർക്കാർ സ്ഥാപനം എന്ന നിലയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഇനി കേരളത്തിലെ മറ്റ് ആശുപത്രികൾക്ക് രോഗികളെ റെഫർ ചെയ്യാമെന്നും ചികിത്സയും തുടർ ചികിത്സയും സൗജന്യമായിരിക്കുമെന്നും സൂപ്രണ്ട് ഡോ.കെ.ടി. മാധവൻ അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement