റേഞ്ച് റോവര്‍ പ്രത്യുപകാരമോ? കാര്‍ ഉടമ യാക്കൂബിനായി സര്‍ക്കാരിന്റെ വഴിവിട്ട നീക്കം, രേഖകള്‍ പുറത്ത്‌



കണ്ണൂര്‍: കെ എം ഷാജിക്ക് ആഡംബരക്കാര്‍ നല്‍കിയ വ്യവസായി യാക്കൂബിന് വേണ്ടി സര്‍ക്കാര്‍ വഴിവിട്ട സാഹായം ചെയ്യുന്നതായി സംശയം. കണ്ണൂര്‍ കാവുംപടി സി എച്ച് മുഹമ്മദ് സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂള്‍ കമ്മിറ്റിയിലേക്ക് യാക്കൂബ് ഉള്‍പ്പെടെ ഉള്ളവരെ ഉള്‍പ്പെടുത്താനായിരുന്നു നീക്കം. വിദ്യാഭ്യസമന്ത്രി നേരിട്ട് തലശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നേരത്തെ ഉണ്ടായിരുന്ന 34 പേര്‍ക്ക് പുറമേ 22 പേരെക്കൂടി ഉള്‍പ്പെടുത്തി ജനറല്‍ ബോഡി ചേരണമെന്നാണ് നിര്‍ദ്ദേശം. ഹൈക്കോടതി നേരത്തെ പലതവണ തള്ളിയ ആവശ്യമാണ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം നടപ്പിലാക്കുന്നത്. ഈ മാസം 26ന് ജനറല്‍ ബോഡി ചേരണമെന്നാണ് വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചു.

വിദ്യാഭ്യാസ മന്ത്രിക്ക് സിഎച്ച്എംഎം സ്‌കൂളുമായുള്ള പ്രത്യേക താല്‍പര്യം എന്താണെന്ന ചോദ്യം ഉയരുന്നുണ്ട്. പ്രസ്തുത സ്‌കൂളുമായി ബന്ധപ്പെട്ട് പല തവണ പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. 2009ന് ശേഷം ധാരാളം നിയമ വ്യവഹാരങ്ങളുമായാണ് സ്‌കൂള്‍ മുന്നോട്ട് പോകുന്നത്. വ്യാജ രേഖ ഉണ്ടാക്കി അടക്കം അവിടെ കമ്മിറ്റി നിലവില്‍ വന്നിരുന്നതായി ആരോപണമുണ്ടായിരുന്നു. ഹൈക്കോടതി അടക്കം ഇടപെട്ടാണ് 2017ല്‍ സ്‌കൂളില്‍ ഒരു മാനേജ്‌മെന്റ് കമ്മിറ്റി നിലവില്‍ വരുന്നത്. ആ മാനേജ്‌മെന്റാണ് ഇപ്പോഴും തുടരുന്നത്. പല ഘട്ടങ്ങളില്‍ യാക്കൂബ് ഉള്‍പ്പെടെ ഉള്ളവര്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് കോടതിയില്‍ പോകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ പരിഗണിച്ച ഹര്‍ജികളില്‍ വസ്തുതയില്ലെന്ന് കണ്ടെത്തി തള്ളിക്കളയുന്ന സാഹചര്യമാണ് ഉണ്ടായത്.

എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഈ കോടതി വിധി അടക്കം അട്ടിമറിച്ചുകൊണ്ടുള്ള തീരുമാനമാണ് ഇപ്പോള്‍ കൈക്കൊള്ളാന്‍ നീക്കം നടത്തുന്നത്. എന്നാല്‍ ഇത് പ്രദേശിക ലീഗ് നേതൃത്വത്തിനിടയില്‍ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അതേസമയം വിഷയത്തില്‍ കെ എം ഷാജി നേരിട്ട് ഇടപെട്ടോ എന്നതില്‍ വ്യക്തതയില്ല. യാക്കൂബിനെ അടക്കം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചുള്ള ഉത്തരവ് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് വന്നിട്ടുള്ളത് എന്നത് വ്യക്തവുമാണ്.

കാര്‍ വിവാദം ഉയര്‍ന്നു വന്ന ഘട്ടത്തില്‍ താന്‍ എന്തെങ്കിലും വഴിവിട്ട സഹായം കാര്‍ ഉടമയ്‌ക്കോ മറ്റോ ചെയ്തു എന്ന് തെളിയിക്കാമോ എന്നായിരുന്നു കെ എം ഷാജിയുടെ വെല്ലുവിളി. ഇതിനിടെ യുഡിഎഫ് സര്‍ക്കാര്‍ അധികതാരത്തില്‍ വന്ന് കെ എം ഷാജി മന്ത്രിയായി കഴിഞ്ഞാന്‍ താനായിരിക്കും സിഎച്ച്എംഎം സ്‌കൂളിന്റെ മാനേജര്‍ എന്ന് യാക്കൂബ് പലരോടും പറഞ്ഞതായുള്ള വിവരവും പുറത്ത് വന്നിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement