കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയോഗത്തിൽ പാർട്ടി സെക്രട്ടേറിയറ്റും സംസ്ഥാന കമ്മറ്റിയും വിപുലീകരിച്ചു. പി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. ജയരാജനൊപ്പം എംബി രാജേഷിനെയും വി ശിവൻകുട്ടിയെയും സെക്രട്ടേറിയറ്റിൽ ഉള്‍പ്പെടുത്തിയെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടിപി രാമകൃഷ്‌ണനും, ടിഎം തോമസ് ഐസകും സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് ഒഴിവായി. കേന്ദ്രകമ്മറ്റി അംഗങ്ങള്‍ എന്ന നിലയില്‍ സെക്രട്ടേറിയറ്റിൻ്റെ ഭാഗമായി തുടര്‍ന്ന് പ്രവര്‍ത്തിക്കും. കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായ ജോണ്‍ ബ്രിട്ടാസ് പാർട്ടി സെക്രട്ടേറിയറ്റിൻ്റെ കൂടി ഭാഗമായി പ്രവര്‍ത്തിക്കും.
സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് സൂസന്‍ കോടിയെ ഉള്‍പ്പെടുത്തി. യുവനേതാക്കളെ സംസ്ഥാന കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളായും ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദര്‍ശ് എം സജി, സംസ്ഥാന സെക്രട്ടറി പിഎസ് സഞ്‌ജീവ്, പ്രസിഡൻ്റ് വി ശിവപ്രസാദ്, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്‌ക് സി തോമസ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍, എന്‍ സുകന്യ, ഒ എസ് അംബിക, സുബൈദ ഇസഹാഖ്, പ്രഭാവര്‍മ്മ എന്നിവരെയാണ് സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാക്കളാക്കിയത്.
കണ്ണൂർ ജില്ലയിലെ പ്രധാന നേതാക്കളിലൊരാളായ പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉള്‍പ്പെടുത്താത്തതിനെതിരേ നേരത്തെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മുതിർന്ന നേതാവ് അശോക് ദാവ്ളെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി ജയരാജൻ്റെ പേര് നിർദേശിച്ചത്. പിണറായി വിജയൻ ഇതിനെ പിന്തുണക്കുകയായിരുന്നു.
വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ മറുപടി പ്രസംഗത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ജനറല്‍ സെക്രട്ടറി എംഎ ബേബി ശാസിച്ചെന്നും റിപ്പോർട്ടുകളുണ്ട്. കണ്ണൂരിലെ സ്ഥാനാർഥിത്വത്തില്‍ സംസ്ഥാന സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎ ബേബി ശാസിച്ചത്. സംഘടനാപരമായ കാര്യങ്ങള്‍ പരിശോധിക്കുന്നത് ഒരു കൂട്ടുത്തരവാദിത്വമാണെന്ന് എംഎ ബേബി പറഞ്ഞു. കൂട്ടുത്തരവാദിത്വത്തിനൊപ്പം തന്നെ ചില വ്യക്തിപരമായ ഉത്തരവാദിത്വം കൂടിയുണ്ട്. അത് നിര്‍വഹിക്കുന്നതില്‍ ഉള്‍പ്പെടെ എംവി ഗോവിന്ദന് വീഴ്ച സംഭവിച്ചതായും എംഎ ബേബി വിമര്‍ശിച്ചു.
പിണറായി വിജയന്‍ ശൈലി മാറ്റണമെന്നും മറുപടി പ്രസംഗത്തില്‍ എംഎ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പിഴവുകള്‍ തിരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തും. ഉറച്ച ഐക്യബോധത്തോടുകൂടി മുന്നോട്ടുപോകും. ജനകീയ വീഷയങ്ങള്‍ ഏറ്റെടുത്ത് സമരരംഗത്തുണ്ടാകും. ഇടതുമുന്നണി നേതാക്കന്‍മാരെ ഇ ഡി വേട്ടയാടുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തികൊണ്ടുവരുമെന്നും എംഎ ബേബി പറഞ്ഞു.
സംഘടനാപരമായും പ്രത്യയശാസ്ത്രപരമായ ഉള്ളടക്കത്തോടെ പാർട്ടിക്ക് കൂടുതൽ കരുത്ത് നേടുന്നതിനുള്ള തീരുമാനങ്ങളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ കൈക്കൊണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ വർഗീയതയ്ക്കുമെതിരായ പോരാട്ടം ശക്തമാക്കും. കേന്ദ്രസർക്കാരിൻ്റെ നിലപാടുകൾക്കെതിരെയും ബിജെപിയുമായി ഡീലാക്കി ജനവിരുദ്ധഭരണം നടത്തുന്ന യുഡിഎഫ് സർക്കാരിനെതിരെയും ജനകീയ പോരാട്ടങ്ങൾ സംഘടിപ്പിക്കും.
ജില്ലാ അടിസ്ഥാനത്തിലും വിപുലീകൃത യോഗങ്ങള്‍ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും ഒക്ടോബർ 17, 18 തിയതികൾക്കുള്ളിലായി യോഗങ്ങൾ ചേരും. ജില്ലാ കമ്മിറ്റിയംഗങ്ങളും ഏരിയാ സെക്രട്ടറിമാരും ഒരു വനിത ഉൾപ്പെടെ ഏരിയയിൽനിന്ന് മറ്റ് മൂന്ന് പേരും പങ്കെടുക്കും. വര്‍ഗ - ബഹുജന സംഘടനാ ഭാരവാഹികളും പങ്കെടുക്കും.
വിപുലീകൃത ജില്ലാ കമ്മിറ്റികളുടെ സമാപനം വലിയരീതിയിൽ ജനകീയമായി സംഘടിപ്പിക്കും. അതിന് ശേഷം മേഖലാടിസ്ഥാനത്തില്‍ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുത്തുകൊണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവർക്ക് റിപ്പോർട്ട് ചെയ്യും. ഒക്ടോബർ 25ഓടെ ഇതും പൂർത്തിയാക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Post a Comment