തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും അജ്ഞാത സ്‌പോൺസർമാരുമായി വിലസുമ്പോൾ വ്യത്യസ്‌ത പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. ‘മുഖ്യമന്ത്രിയുടെ അജ്ഞാത സ്‌പോൺസർമാരുടെ മുഖം വരയ്‌ക്കൂ, സമ്മാനം നേടൂ’ എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. പവർകട്ടിനെ നേരിടുന്നതിനുള്ള എമർജൻസി ലൈറ്റാണ് ബംബർ സമ്മാനം. പ്രോത്സാഹന സമ്മാനമായി പങ്കെടുക്കുന്നവർക്കെല്ലാം മെഴുകുതിരിയും നൽകും. വ്യാഴം രാവിലെ 11ന് സെക്രട്ടറിയറ്റിനു മുന്നിലും എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും സമരം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വിജിൻ, പ്രസിഡന്റ് ചിന്താ ജെറോം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ മുഖ്യമന്ത്രിയുടെ സ്‌പോൺസർമാർ ആരാണെന്ന് പൊതുസമൂഹത്തിനറിയണമെന്ന് എം വിജിൻ പറഞ്ഞു. അക്കാര്യങ്ങൾ വെളിപ്പെടുത്താതിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘ഞാൻ ഇനിയും പോകും’ എന്നുള്ള പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ഇൗ വിധത്തിലാണ് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് സംവദിക്കുന്നതെങ്കിൽ അദ്ദേഹം ധിക്കാരിയായി മാറിയിരിക്കുന്നുവെന്നാണ് മനസിലാക്കേണ്ടത്. മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ–ഓഡിനേറ്റർ ഉൾപ്പെട്ട എംഡിഎംഎ കേസ് അട്ടിമറിക്കൽ, കിലയിൽ എംഎസ്‌എഫ് നേതാവിനെ തിരുകിക്കയറ്റിയതിനെതിരേയും സമരം നടത്തുമെന്നും എം വിജിൻ അറിയിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട്, സംസ്ഥാന സെക്രട്ടറിയറ്റംഗം വി അനൂപ്, ജില്ലാ പ്രസിഡന്റ് വി എസ് ശ്യാമ, ജില്ലാസെക്രട്ടറി എൽ എസ് ലിജു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment