സാധാരണക്കാർക്ക് തിരിച്ചടിയായി സംസ്ഥാനത്ത് അരി, പലവ്യഞ്ജനം പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നു. മൊത്ത വിപണിയിൽ പൊന്നി അരിക്ക് ഒരു മാസത്തിനിടെ 14 രൂപയാണ് കൂടിയത്.
തുവരപ്പരിപ്പിന് ഒരു മാസത്തിനിടെ 20 രൂപ കൂടി. കടല, ഉഴുന്ന് വൻ പയർ, പഞ്ചസാര തുടങ്ങിയവയ്ക്കും വിലകൂടുകയാണ്. മൊത്തവിപണിയിൽ ഒരു കിലോ പൊന്നി അരിയുടെ വില 73 ആയി. ഓണക്കാലത്ത് 58 ആയിരുന്നു വില. കുറുവ അരിയിലെ വിവിധ ഇനങ്ങൾക്ക് ഓണത്തിന് ശേഷം മൂന്ന് രൂപ കൂടി.
കഴിഞ്ഞ ജൂലായ് മുതൽ പിടിവിട്ട് കുതിക്കുകയാണ് ബിരിയാണിക്കുള്ള കൈമ അരിയുടെ വില. ഇടക്കാലത്ത് ഒന്ന് കുറഞ്ഞെങ്കിലും ഇപ്പോൾ 180 തായി ഉയരുന്നു. കോല അരിക്കും വില കൂടിയിട്ടുണ്ട്. പലവ്യഞ്ജനങ്ങൾക്കും വില കൂടുകയാണ്.
മൊത്തവിപണിയിൽ തുവരപ്പരിപ്പിന് ഒരു മാസത്തിനിടെ കിലോയ്ക്ക് 20 രൂപ കൂടി. കടലയ്ക്ക് പത്ത് രൂപയാണ് വർധന. ഉഴുന്നിന് എട്ട് രൂപയും വൻ പയറിന് 14 രൂപയും കൂടി. ചെറുപയറിനും വർധനയുണ്ട്. അടുത്ത മാസങ്ങളിലും വില കുറഞ്ഞേക്കില്ല എന്നാണ് ഇതര സംസ്ഥാനങ്ങളിലെ വിപണികൾ നൽകുന്ന സൂചന.

Post a Comment