മാഹി തിരുനാൾ ആഘോഷത്തിന് നാളെ തുടക്കം



മാഹി: വടക്കെ മലബാറിലെ പ്രധാന തീർഥാടന കേന്ദ്രമായ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന് ഒക്ടോബർ 5ന് രാവിലെ 11.30 ന് തിരുനാൾ കൊടിയേറും.

റെക്ടർ ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കും.12 ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിട്ടുള്ള വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതു വണക്കത്തിനായി പ്രത്യേകം തയ്യാറാക്കിയ പീoത്തിൽ പ്രതിഷ്ഠിക്കുന്നതോടെ 18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷത്തിന് തുടക്കമാവും. 

14, 15 തീയ്യതികൾ പ്രധാന ദിവസങ്ങളാണ്. രാവിലെയും, വൈകുന്നേരവും വിവിധ റീത്തുകളിൽ ദിവ്യബലിയും, നൊവേനയുമുണ്ടാകും. 

5ന് വൈകിട്ട് ആറ് മണിക്ക് ഫാ.ഡോ. അലോഷ്യസ് കുളങ്ങരയുടെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഫാ.ഷാജു ആൻ്റണി, ഫാ.ജോൺ വെട്ടി മലയിൽ, മാർ ജോസഫ് പാംപ്ലാനി(തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ), ഫാ.ആൻറണി പാലിയത്തറ, ഫാ.ആൻറണി പയസ്, ഫാ. ഡാനി ജോസഫ്, ഫാ.ജിജു പള്ളിപ്പറമ്പിൽ, ഫാ.മദലൈ മുത്തു, ഫാ.വാൾട്ടർ ഡിസൂസ, ഫാ.മനോജ് എസ് ദാസ് ,ഫാ.സി ജോ ജോസഫ്, ഫാ.ഷെബിൻ ജോർജ്, ഫാ.ഷിജോയ് ഫ്രാൻസിസ് മാച്ചി വീട്ടിൽ എന്നിവർ വിവിധ ദിവസങ്ങളിൽ ദിവ്യബലി അർപ്പിക്കും.

11 ന് ഞായറാഴ്ച്ച വൈകിട്ട് 6ന് കണ്ണുർ രൂപത മെത്രാൻ റവ.ഡോ.അലക്സ് വടക്കും തല കാർമ്മികത്വം വഹിച്ച് ദിവ്യബലി അർപ്പിക്കും. പ്രധാന ദിവസമായ 14 ന് തിരുനാൾ ജാഗര ദിവസം വൈകിട്ട് 5.30 ന് കോഴിക്കോട് അതിരൂപത വികാരി ജനറൽ ഡോ.ജൻസൺ പുത്തൻ വീട്ടിലിൻ്റെ കാർമ്മികത്വത്തിൽ ദിവ്യബലിയും, നൊവേനയും നടക്കും. വൈകിട്ട് 7ന് അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള നഗര പ്രദക്ഷിണം ആരംഭിക്കും. 

15 ന് തിരുനാൾ ദിവസം പുലർച്ചെ ഒന്ന് മുതൽ രാവിലെ 6 വരെ വിശ്വാസികൾ നേർച്ചയായി ശയന പ്രദക്ഷിണം നടത്തും. രാവിലെ 10.30 ന് കോഴിക്കോട് അതിരൂപത മെത്രാപ്പൊലീത്ത റവ.ഡോ.വർഗീസ് ചക്കാലക്കലിൻ്റെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി നടക്കും. പാരിഷ് കൗൺസിൽ നേതൃത്വം നൽകും. വൈകിട്ട് മൂന്നിന് മേരി മാത കമ്മ്യൂണിറ്റി ഹാളിൽ സ്നേഹ സംഗമവും നടക്കും

17 ന് വൈകിട്ട് 6ന് കണ്ണുർ രൂപത സഹായ മെത്രാൻ റവ.ഡോ. ഡെന്നീസ് കുറുപ്പശ്ശേരിയുടെ കാർമ്മികത്വത്തിൽ ഫ്രഞ്ച് ഭാഷയിൽ ദിവ്യബലി അർപ്പിക്കും. 18 ന് വൈകിട്ട് 6ന് വിജയപുരം രൂപത മെത്രാൻ റവ.ഡോ.ജസ്റ്റിൻ മoത്തിൽപ്പറമ്പിൻ്റെ കാർമികത്വത്തിൽ ദിവ്യബലിയുണ്ടാകും.

21 ന് വൈകിട്ട് ആറിന് മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാ മംഗലത്തിൻ്റെ കാർമ്മികത്വത്തിൽ സീറോ മലബാർ റീത്തിൽ ദിവ്യബലി അർപ്പിക്കും. 22/ ന് ഉച്ചകഴിഞ്ഞ് വിശുദ്ധ രൂപം ആൾത്താരയിലേക്ക് മാറ്റുന്നതോടെ തിരുനാൾ സമാപിക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement