കണ്ണൂർ പിലാത്തറയിൽ മൂന്ന് കുട്ടികളെ കാണാതായി; മംഗളൂരുവിലെത്തിയതായി സൂചന, ഗോവയിലേക്ക് പോയെന്ന് സംശയം



കണ്ണൂർ: പിലാത്തറയിൽ നിന്ന് മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കാണാതായതിനെ തുടർന്ന് അന്വേഷണം ഊർജിതമാക്കി പരിയാരം പൊലീസ്. 13, 14 വയസ്സുള്ള മുഹമ്മദ് ഷാസിൽ, ഷെസിൻ ഷെഫീഖ്, ശിവരാജ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെ വീടുവിട്ട കുട്ടികളെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.

കുട്ടികൾ മംഗളൂരുവിൽ എത്തിയതായി സൂചന ലഭിച്ചതിനെ തുടർന്ന് പരിയാരം പൊലീസിന്റെ സംഘം അവിടേക്ക് തിരിച്ചു. കുട്ടികൾ ഗോവയിലേക്ക് പോയിരിക്കാമെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

വീട്ടിൽ നിന്ന് പോയ കുട്ടികൾ മംഗളൂരുവിലെ ഒരു സ്വദേശിയുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു. തങ്ങൾ സുഹൃത്തിന്റെ വീട്ടിലാണെന്നും പേടിക്കേണ്ടെന്നും കുട്ടികൾ വീട്ടുകാരോട് പറഞ്ഞതായാണ് വിവരം. ഇതോടെ കുട്ടികൾ സുരക്ഷിതമായ ഒരിടത്തുണ്ടെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കൾ.

എന്നാൽ, കുട്ടികൾ വിളിച്ച ഫോൺ നമ്പറിലേക്ക് പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് ഫോൺ മംഗളൂരു സ്വദേശിയുടേതാണെന്ന് വ്യക്തമായത്. ഇയാളോട് കുട്ടികൾ ഗോവയിലേക്കുള്ള യാത്രാമാർഗത്തെക്കുറിച്ച് ചോദിച്ചിരുന്നതായും വിവരമുണ്ട്. ഇതോടെയാണ് കുട്ടികൾ ഗോവയിലേക്ക് പോയിരിക്കാമെന്ന സംശയം ശക്തമായത്.

കുട്ടികൾ മംഗളൂരുവിൽ എവിടെയാണെന്നും അവിടെനിന്ന് മറ്റെവിടേക്കെങ്കിലും യാത്ര തിരിച്ചിട്ടുണ്ടോയെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുട്ടികളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.കാണാതായ കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement