പാനൂരിൽ സ്‌കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം; എട്ടാം ക്ലാസുകാരന്റെ തലയ്ക്ക് കല്ലുകൊണ്ടടിയേറ്റു, ഗുരുതര പരിക്ക്

 


കണ്ണൂർ: പാനൂർ ബസ് സ്റ്റാൻഡിന് സമീപം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. എട്ടും ഒൻപതും ക്ലാസുകളിലെ വിദ്യാർഥികൾ തമ്മിലാണ് വൈകീട്ട് സ്‌കൂൾ വിട്ട സമയത്ത് സംഘം ചേർന്ന് അടിപിടിയുണ്ടായത്. 


സംഘർഷത്തിനിടെ ഒൻപതാം ക്ലാസ് വിദ്യാർഥികൾ നടത്തിയ ആക്രമണത്തിൽ എട്ടാം ക്ലാസുകാരന്റെ തലയ്ക്ക് വലിയ കല്ലുകൊണ്ട് അടിയേൽക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.


വൈകീട്ട് സ്‌കൂളിൽ വെച്ച് വിദ്യാർഥികൾ തമ്മിലുണ്ടായ നിസ്സാര വാക്കുതർക്കമാണ് പിന്നീട് സ്‌കൂളിന് പുറത്ത് വലിയ രീതിയിലുള്ള അടിപിടിയിലേക്ക് വഴിമാറിയത്. ബസ് സ്റ്റാൻഡിന് സമീപമുള്ള മാളിന്റെയും ബൈപ്പാസ് റോഡിന്റെയും ഇടയിലുള്ള വഴിയുടെ ഭാഗത്തു വെച്ചായിരുന്നു സംഘർഷം. 


അടിപിടിക്കിടെ എട്ടാം ക്ലാസിലെ ചില കുട്ടികൾ സമീപത്തുള്ള വീടുകളിലേക്ക് പോയി. എന്നാൽ പരിക്കേറ്റ കുട്ടി ഒൻപതാം ക്ലാസുകാരുടെ ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വലിയ കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റത്.


സംഭവം കണ്ടയുടൻ പ്രദേശവാസികളും നാട്ടുകാരും ഓടിയെത്തിയാണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് അതീവ ഗുരുതരമായതിനെ തുടർന്ന് ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 


വിദ്യാർഥി സംഘടനകൾ തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും പ്രദേശത്ത് ഇത്രയും ഗൗരവമുള്ള സംഘർഷം ആദ്യമായിട്ടാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്‌കൂളിൽ അടിയന്തരമായി പിടിഎ മീറ്റിങ് വിളിച്ച് വിഷയത്തിന്റെ ഗൗരവം വിലയിരുത്തണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് പാനൂർ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement