സ്കൂളിലെ വെടിവെയ്പ്പ്‌ ; ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ് സിനിമയിലെ രംഗം, അബദ്ധത്തിൽ വെടി പൊട്ടിയെന്നും സഹപാഠികളുടെ മൊഴി



പാലക്കാട് :- പാലക്കാട് തൃത്താല പരതൂർ സ്കൂളിലെ വെടിവയ്പ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ് സിനിമ ലിയോയിലെ രംഗം. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. തോക്കുമായെത്തി വെടിയുതിർത്ത വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ക്ലാസ് ഇടവേള നേരത്ത് തോക്ക് ഉപയോഗിക്കാൻ പ്രചോദനം 2023 ൽ പുറത്തിറങ്ങിയ തമിഴ് സിനിമ ലിയോ. ലോകേഷ് കനകരാജ് വിജയ് ചിത്രത്തിൽ ഫയറിംഗ് രംഗം അനുകരിച്ചപ്പോൾ അബദ്ധത്തിൽ വെടി പൊട്ടിയെന്നാണ് വിവരം. റീൽസും സിനിമയും കണ്ട് കൂട്ടുകാരുടെ മുൻപിൽ വീമ്പ് കാട്ടാനായിരുന്നു ശ്രമം.

ആദ്യ വെടിയുണ്ട പതിച്ചത് ഭിത്തിയിലാണ്. പത്ത് മിനിറ്റിന് ശേഷം വീണ്ടും ബാഗിൽ നിന്ന് തോക്കെടുത്ത് സിനിമ സ്‌റ്റൈൽ പ്രയോഗം. വെടിയുണ്ട പതിച്ചത് ഒന്നര അടി മാത്രം അകലെ നിന്ന സഹപാഠിയുടെ കൈക്ക് മുകളിലാണ്. ബോധപൂർവമല്ല കുട്ടി കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. വെടിയേറ്റ സഹപാഠിയും സാക്ഷികളായ വിദ്യാർത്ഥികളും മൊഴി നൽകി. ഷോ കണിക്കുന്നതിനിടെയുണ്ടായ കയ്യബദ്ധമെന്നാണ് മൊഴി. വെടിവെച്ച വിദ്യാർത്ഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കിയ ശേഷം അടുത്ത മാസം അഞ്ചുവരെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

അമ്മയ്ക്കെതിരെ കേസുണ്ടെങ്കിലും ധൃതിയിൽ അറസ്റ്റു വേണ്ടെന്നാണ് പൊലീസ് തീരുമാനം. അമ്മയുടെ അലമാരയിൽ നിന്നാണ് തോക്ക് കിട്ടിയതെന്ന വിദ്യാർത്ഥിയുടെ മൊഴിയനുസരിച്ചാണ് ആംസ് ആക്ട് പ്രകാരം കേസെടുത്തത്. കുട്ടിയുടെ മുത്തച്ഛൻ ഉപയോഗിച്ചിരുന്നതാണ് തോക്ക്. മുത്തച്ഛൻ വർഷങ്ങൾക്ക് മുന്നേ മരിച്ചു. തോക്ക് എവിടെ നിന്ന് വാങ്ങിച്ചതാണെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധനയ്ക്കയക്കാനാണ് പൊലീസ് തീരുമാനം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement