വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ നഷ്ടപരിഹാരം വര്‍ഷങ്ങളായി കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല




വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ വനം വകുപ്പില്‍ നിന്നും ലഭിക്കേണ്ട നഷ്ടപരിഹാരം വര്‍ഷങ്ങളായി കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഇതോടെ കര്‍ഷകരില്‍ പലരും അപേക്ഷകള്‍ നല്‍കുന്നതുവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.  വനം വകുപ്പില്‍ അന്വേഷിക്കുമ്പോള്‍ ഫണ്ടില്ല എന്നാണ് പറയുന്നതെന്നും കര്‍ഷകര്‍ പറയുന്നു.

കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങി വാഴയടക്കമുള്ള കൃഷി നശിപ്പിക്കുന്ന മലയോര പ്രദേശങ്ങളായ ഓടംതോട്, മടപ്പുരച്ചാല്‍, പാല്‍ച്ചുരം, ആറളം ഫാം തുടങ്ങിയ മേഖലയിലുള്ള കര്‍ഷകര്‍ക്കാണ് നഷ്ടപരിഹാരം വര്‍ഷങ്ങളായി വൈകുന്നത്. കാട്ടാന, കുരങ്ങ് തുടങ്ങിയവയാണ് ഇവിടങ്ങളില്‍ പ്രധാനമായും കൃഷിനാശം വരുത്തുന്നത്. ഓടന്തോട്, മടപ്പുരച്ചാല്‍ മേഖലകളില്‍ കാട്ടാന വ്യാപകമായ തോതില്‍ തെങ്ങ്, വാഴ തുടങ്ങിയ വിളകള്‍ നശിപ്പിക്കുന്നത് തുടരുകയുമാണ്. 

ആന ഇറങ്ങി നാശംവരുത്തി ദിവസങ്ങള്‍ക്കകം ഓണ്‍ലൈനായി കര്‍ഷകര്‍ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ നല്‍കുന്നുണ്ട്. നശിച്ച വാഴകളുടെയും തെങ്ങുകളുടെയും എണ്ണം രേഖപ്പെടുത്തി അക്ഷയ സെന്ററുകള്‍ വഴിയാണ് അപേക്ഷ നല്‍കുന്നത്. അപേക്ഷ പരിഗണിച്ച് വനംവകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് വിവരശേഖരണം നടത്തിയാണ് നഷ്ടപരിഹാരം നല്‍കുന്നത്. എന്നാല്‍ പലപ്പോഴും വനം വകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്താറില്ലെന്ന് കര്‍ഷകര്‍ പറയുന്നു.  
നാശം സംഭവിച്ച വിളകള്‍ക്കും എണ്ണത്തിനും അനുസരിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്. തൈകള്‍ക്കും പൂര്‍ണവളര്‍ച്ചയെത്തിയ വിളകള്‍ക്കും കായ്ഫലമുള്ളവയ്ക്കുമെല്ലാം വ്യത്യസ്ത നിരക്കിലാണ് നഷ്ടം കണക്കാക്കുന്നത്. നെല്ല് പോലെയുള്ള വിളകള്‍ക്ക് നാശംസംഭവിച്ച സ്ഥലത്തിനനുസരിച്ചും നഷ്ടം കണക്കാക്കും.

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ടാല്‍ പത്ത് ലക്ഷവും പരിക്കേറ്റാല്‍ രണ്ട് ലക്ഷവുമാണ് നഷ്ടപരിഹാരമായി നല്‍കുക. വിളകള്‍ നശിപ്പിച്ചാല്‍ ഒരു തെങ്ങിന് 770 രൂപ എന്ന നിരക്കിലും കവുങ്ങിന് 160 രൂപയും വാഴക്ക് 90 രൂപയും രണ്ടര ഏക്കര്‍ നെല്‍കൃഷിക്ക് 11000 രൂപയുമാണ് നല്‍കുന്നത്. കൃഷി, വളര്‍ത്തുമൃഗം, വീട് എന്നിവയ്ക്കുണ്ടാകുന്ന നഷ്ടത്തിന് പരമാവധി ഒരുലക്ഷം വരെയും വന്യമൃഗ അക്രമത്തില്‍ പരിക്ക് പറ്റുന്നവര്‍ക്ക് ആശുപത്രി ചെലവ് പരമാവധി ഒരു ലക്ഷം (ആദിവാസികള്‍ക്ക് ചികിത്സ ചെലവ് സൗജന്യം) വരെയുമാണ് നല്‍കുക. വിളകള്‍ നശിപ്പിച്ചാല്‍ ഒരു കര്‍ഷകന് വര്‍ഷത്തില്‍ നാലുതവണ മാത്രമേ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനും അര്‍ഹതയുള്ളു. നല്‍കുന്ന തുക തന്നെ തുച്ഛമാണെന്ന കര്‍ഷകരുടെ പരാതി വര്‍ഷങ്ങളായി നില്‍നില്‍ക്കുന്നുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement