സംസ്ഥാന കൃഷി വകുപ്പിന്റെ ജൈവപച്ചക്കറി കൃഷിക്കുള്ള ആദിവാസി ഗ്രൂപ്പിനുള്ള പുരസ‌്കാരം ഇത്തവണയും ആറളം ഫാം നേടി


ഇരിട്ടി : തരിശിട്ട ആറളം ഫാമിന്റെ പൊന്നുവിളയുന്ന മണ്ണിൽ ആദിവാസി കൃഷിക്കൂട്ടം കഠിനാധ്വാനത്തിലൂടെ നേടിയത‌് ഹാട്രിക‌് പുരസ‌്കാരം. സംസ്ഥാന കൃഷി വകുപ്പിന്റെ ജൈവപച്ചക്കറി കൃഷിക്കുള്ള ആദിവാസി ഗ്രൂപ്പിനുള്ള പുരസ‌്കാരം ഇത്തവണയും ആറളം ഫാം നേടി. മികച്ച ട്രൈബൽ പച്ചക്കറി ക്ലസ‌്റ്റർ വിഭാഗത്തിൽ ആറളം ഫാം മാതൃക ക്ലസ‌്റ്റർ സംസ്ഥാനത്ത‌് രണ്ടാം സ്ഥാനം നേടി. 2018, 19 വർഷങ്ങളിലും ആറളം ഫാമിനായിരുന്നു ഈയിനത്തിൽ പുരസ‌്കാരം.
ഏഷ്യയിലെ ഏ്റ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയാണ‌് ആറളം ഫാം. മൂവായിരത്തഞ്ഞൂറ‌് കുടുംബങ്ങൾക്ക‌് ഒരേക്കർ വീതം ഭൂമി സർക്കാർ പതിച്ചു നൽകി. വീട‌് നിർമ്മിക്കാൻ പത്ത‌് സെന്റ‌് പുറമെയും. തരിശിട്ട  ഭൂമിയാണ‌് ആദിവാസികൾക്ക‌് പതിച്ചുകിട്ടിയത‌്. ആറളം കൃഷിഭവനും ചാലോട‌് കൃഷി അസിസ‌്റ്റന്റ‌് ഡയറക്ടർ ഓഫീസും സംസ്ഥാന കൃഷി വകുപ്പും ആദിവാസികളുടെ കാർഷിക ഉന്നമനത്തിന‌് അതിവിപുലമായ പദ്ധതികൾക്ക‌് തുടക്കമിട്ടു. ആദിവാസി മേഖലയിലെ എല്ലാ ബ്ലോക്കുകളിലും കാർഷിക ഗ്രൂപ്പുകളും ക്ലസ‌്റ്ററുകളും നിലവിൽ വന്നതോടെ സ‌്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കം മണ്ണ‌് പൊന്നാക്കാനിറങ്ങി. തൂമ്പയും പിക്കാസും ഇതര കാർഷിക ഉപകരണങ്ങളും അടക്കം സർക്കാർ സഹായമായെത്തി. നബാർഡും കാർഷിക പ്രോൽസാഹന പദ്ധതികളുമായി ആദിവാസി മേഖലയിലെത്തി. ജൈവ പച്ചക്കറി ഉൽപ്പാദനം, സംസ‌്കരണം, വിപണനം തുടങ്ങി ബ്രാന്റഡ‌് ഉൽപ്പന്ന നിർമ്മിതികിലേക്ക‌് കടന്നതോടെ ആറളം ഫാം കാർഷികമേഖല സംസ്ഥാന ശ്രദ്ധയിലെത്തി.
ഇത്തവണ മാതൃക ക്ലസ‌്റ്റർ 12 ഏക്കറിലാണ‌് വിജയം കൊയ‌്തത‌്. വാഴ, കരനെല്ല‌്, ചീര, വെണ്ട, പയർ, വഴുതന, മഞ്ഞൾ, പാവൽ തുടങ്ങി വവിധ കൃഷികൾ മാതൃക ഏറ്റെടുത്തു. 20 അംഗങ്ങളാണ‌് മാതൃകയിൽ. സി കെ രാമുമാണ‌് കൺവീനർ. ആറളം കൃഷി ഓഫീസർ കോകില, അസിസ‌്റ്റന്റ‌് സുമേഷ‌്, കൃഷി അസിസ‌്റ്റന്റ‌് ഡയറക്ടർ സോണിയ എന്നിവരുടെ മേൽനോട്ടവും നിർദ്ദേശങ്ങളും കൃഷി മുന്നേറ്റത്തിന‌് സഹായകമായി. കീടനാശിനിയായി ഹരിതകഷായം കൃഷിയിടത്തിൽ തയ്യാറാക്കി തൽസമയം ഉപയോഗിക്കുന്ന രീതിയും സ്വീകരിച്ചു. കാട്ടാന അക്രമണം ചെറുക്കാൻ വൈദ്യുതി വേലി നിർമ്മിച്ച‌് കൃഷിയിടം സുരക്ഷിതമാക്കി. കണിച്ചിറ ചന്ദ്രൻ, ശശി, ലീല, അയ്യ, അനിത, സുനിത, ശാന്ത, ചാമൻ തുടങ്ങിയവർ അടക്കം ഇരുപത‌് പേരുടെ രാപ്പകൽ അധ്വാനത്തിലാണ‌് സംസ്ഥാന പുരസ‌്കാരം ആറളം ഫാമിലേക്ക‌് ഇത്തവണ എത്തുന്നത‌്. സുഭിക്ഷകേരളം പദ്ധതിയിൽ വൈവിധ്യമാർന്ന കൃഷിയേറ്റെടുത്ത‌് വിജയലക്ഷ്യത്തിലേക്ക‌് അടുക്കുകയാണ‌് ഇത്തവണ ആറളം ഫാം.

Post a Comment

أحدث أقدم

Join Whatsapp

Advertisement