ന്യൂഡെൽഹി: കര്‍ഷക നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന്റെ വാർത്ത പുറത്തു വന്നതിന് പിന്നാലെ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ആയിരുന്നു വിമർശനം. കർഷകരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന മാതൃരാജ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്‌തു.
കർഷകരെ ഖലിസ്‌ഥാനികളും തീവ്രവാദികളും ആയി പ്രഖ്യാപിക്കുന്ന ചിന്തയുടെ മറ്റൊരു രൂപമാണ് ഈ സംഭവം. അന്നദാതാക്കൾക്ക് എതിരെയുള്ള ഈ ഗൂഢാലോചന രാജ്യം പൊറുക്കില്ലെന്നും കോൺഗ്രസ് പറഞ്ഞു.
ഇന്നലെയാണ് സിംഗു അതിർത്തിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കർഷക നേതാക്കളെ കൊലപ്പെടുത്താൻ എത്തിയയാളെ പിടികൂടി മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംയുക്‌ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ഹാജരാക്കുക ആയിരുന്നു. കർഷക നേതാക്കളെ കൊലപ്പെടുത്താനും റിപ്പബ്ളിക് ദിനത്തിലെ കർഷകരുടെ ട്രാക്‌ടർ റാലിയിൽ അക്രമ സംഭവങ്ങൾ ഉണ്ടാക്കാനുമാണ് അക്രമി എത്തിയതെന്ന് കർഷക നേതാക്കൾ പറഞ്ഞു.
നാല് കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടാണ് അക്രമി എത്തിയതെന്ന് കർഷക നേതാക്കൾ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംശയാസ്‌പദമായ രീതിയിൽ സിംഗുവിൽ നിന്ന് കർഷകർ ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ വ്യക്‌തിയെന്ന് മനസിലായത്.
ആക്രമിയെ പിന്നീട് കർഷക നേതാക്കൾ ഉന്നത പോലീസ് ഉദ്യോഗസ്‌ഥർക്ക് കൈമാറി. കർഷക സമരം അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുവെന്നു കർഷക നേതാക്കൾ ആരോപിച്ചു.

إرسال تعليق