കോവിഡ് മഹാമാരി ചലച്ചിത്ര മേഖലയെ ആകെ ഉലച്ചെങ്കിലും സിനിമാപ്രേമികളുടെ കാത്തിരിപ്പിനവസാനമായി നിരവധി ബിഗ് ബജറ്റ് സിനിമകൾ പ്രദർശനത്തിനൊരുങ്ങുകയാണ്.
1. മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം
കേരളം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’.’മാർച്ച് 26 ന് തിയറ്ററുകളിലേയ്ക്ക് എത്തുകയാണ്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ചിത്രമാണ്.
സുപ്രധാന നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സാബു സിറിളിന്റെ നേതൃത്വത്തിൽ വൻ സജ്ജീകരണങ്ങളാണ് അണിയിച്ചൊരുക്കിയത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം.
2. കെ.ജി.എഫ് 2
ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് കെ.ജി.എഫ് 2. ജൂലായ് 16 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം മലയാളത്തില്‍ എത്തിക്കുന്നത്. 2018 ഡിസംബര്‍ 21നാണ് കെ.ജി.എഫിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്.കന്നഡ, തെലുങ്ക്, തമിഴ്, മലയാളം,ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു.
ബോളിവുഡ് താരം സഞ്ജയ് ദത്താണ് കെ.ജി.എഫ് 2വില്‍ വില്ലനായി എത്തുന്നത്. കന്നഡയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും നിര്‍മാണച്ചെലവേറിയ ചിത്രമായിരുന്നു കെ.ജി.എഫ്. കര്‍ണാടകയില്‍ മാത്രം ആദ്യ ദിന കളക്ഷന്‍ 14 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. രണ്ടാഴ്ച കൊണ്ട് ചിത്രം 100 കോടി ക്ലബിലെത്തി. ബാഹുബലിയ്ക്ക് ശേഷം ഏറ്റവും കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രം 225 കോടിയാണ് ബോക്‌സോഫിസില്‍ നിന്ന് വാരികൂട്ടിയത്.
3. പുഷ്പ്പ
തെലുങ്കു സൂപ്പര്‍സ്റ്റര്‍ അല്ലു അര്‍ജുനും രാശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമാണ് പുഷ്പ്പ. പുഷ്പ്പരാജ് എന്ന രക്ത ചന്ദന കള്ളക്കടത്ത്കാരനായായിട്ടാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. രാജഹമുന്ദ്രി കാടിനുള്ളില്‍ വച്ചാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. മുടി നീട്ടിവളര്‍ത്തിയ പുത്തന്‍ മേക്കോവറിലാണ് താരം പുഷ്പ്പയില്‍ പ്രത്യക്ഷപ്പെടുന്നത്. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ - അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. നിർമാണം മൈത്രി മൂവി മേക്കേഴ്സാണ് നിര്‍വഹിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.
4. കുറുപ്പ്
പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിൻ്റെ വേഷത്തിൽ ദുൽഖർ എത്തുന്ന ചിത്രമാണ് കുറുപ്പ്.
രാജേന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. . വേറിട്ട രൂപത്തിലാണ്ണ് ദുല്‍ഖര്‍ എത്തുന്നത് എന്നാണ് വാര്‍ത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ദ്രജിത്ത് ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നുണ്ട്. വിവേക് ഹര്‍ഷൻ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. നിമിഷ് രവി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.
ദുൽഖർ സൽമാന്‍ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നതും.
5. തുറമുഖം
മൂത്തോന് ശേഷം നടനെന്ന നിലയില്‍ നിവിൻ പോളിയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയേക്കാവുന്ന അടുത്ത ചിത്രമാണ് തുറമുഖം. രാജീവ് രവിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ആയിരത്തി തൊള്ളായിരത്തി അന്‍പതുകളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റം പശ്ചാത്തലമാക്കുന്ന സിനിമയാണിത്. കെ എം ചിദംബരം രചിച്ച നാടകത്തിന് തിരക്കഥാരൂപം സൃഷ്ടിച്ചത് മകന്‍ ഗോപന്‍ ചിദംബരമാണ്. നേരത്തേ അമല്‍ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്‍റെ പുസ്തകത്തിന് രചന നിര്‍വ്വഹിച്ചതും ഗോപന്‍ ചിദംബരം ആയിരുന്നു. തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് ആണ് നിര്‍മ്മാണം. നിവിന്‍ പോളിക്കൊപ്പം ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠ രാജന്‍, സുദേവ് നായര്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
6. എമ്പുരാൻ
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ചിത്രമായ ‘ലൂസിഫറി'ൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മോഹന്‍ലാലിന്‍റെ അബ്രഹാം ഖുറേഷിയുടെ അന്താരാഷ്ട്ര ഇടപെടലുകളായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.സ്റ്റീഫൻ നെടുമ്പള്ളിയേയും , അബ്രാം ഖുറേഷിയേയും കുറിച്ച് പ്രേക്ഷകർക്കുള്ള സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ചിത്രവുമാകും എമ്പുരാൻ.50 ദിവസം കൊണ്ട് 200 കോടി രൂപമാണ് ലൂസിഫർ തിയേറ്ററില്‍ നിന്നും വാരിയത്. മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിരാജിന്റെ സംവിധാനവും മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ മികവുമാണ് ചിത്രത്തിന്റെ വിജയത്തിനു പിന്നില്‍.
7. RRR
ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന സിനിമയാണ് RRR. രാം ചരണും ജൂനിയർ എൻ ടി ആറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് വിഡിയോകൾ നേരത്തെ പുറത്ത് വന്നിരുന്നു. ബാഹുബലി' പോലെ പാന്‍ ഇന്ത്യന്‍ ചിത്രമായി ആര്‍ആര്‍ആര്‍ സ്വീകരിക്കപ്പെടണമെന്നാണ് രാജമൗലിയുടെ ആഗ്രഹം. അലിയ ഭട്ടിനെയും അജയ് ദേവ്‍ഗണിനെയും ബോളിവുഡില്‍ നിന്നും സമുദ്രക്കനിയെ തമിഴില്‍ നിന്നും കൂടാതെ ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ അന്തര്‍ദേശീയ താരങ്ങളും കഥാപാത്രങ്ങളായെത്തുന്നു. 2021 ഒക്ടോബർ 13നാണ് ചിത്രം റിലീസിനെത്തുന്നത്.







إرسال تعليق