ഷില്ലോങ്: താഴ്ന്ന വരുമാനക്കാർക്ക് കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജനയുടെ ഭാഗമായി 7500 മത് ജൻ ഔഷധി കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ രാജ്യത്തിന് സമർപ്പിച്ചു. പദ്ധതിയെ കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധമുണ്ടാക്കുന്നതിനായി മാർച്ച് ഒന്ന് മുതൽ ഏഴ് വരെ നടത്തിയ ജൻ ഔഷധി വാരാഘോഷത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച നോർത്ത് ഈസ്റ്റേൺ ഇന്ദിരാ ഗാന്ധി റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ നടന്ന ചടങ്ങിലാണ് ജൻ ഔഷധി കേന്ദ്രം പ്രധാനമന്ത്രി കൈമാറിയത്. ഔഷധങ്ങൾക്ക് വില വളരെ കൂടുതലായതിനാലാണ് പാവപ്പെട്ടവർക്കായി സർക്കാർ ഈ പദ്ധതി ആരംഭിച്ചതെന്ന് ഗുണഭോക്താക്കളുമായി നടത്തിയ ആശയസംവാദത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ജൻ ഔഷധി കേന്ദ്രങ്ങളിൽ (മോദി കി ദുകാൻ)നിന്ന് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കുന്ന അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജനങ്ങളോട് മോദി ആവശ്യപ്പെടുകയും ചെയ്തു. ജൻ ഔഷധി പദ്ധതിയുടെ കീഴിൽ സ്ത്രീകൾക്ക് സാനിറ്ററി പാഡുകൾ രണ്ടര രൂപയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്താകമാനമായി നടത്തുന്ന പദ്ധതി ജനങ്ങൾക്കായുള്ള സേവനമാണെന്നും ഇത്യുവജനങ്ങൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതായും മോദി പറഞ്ഞു. 75 മരുന്നുകൾ രാജ്യത്തെ ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും മോദി അറിയിച്ചു. വിപണി നിരക്കിനേക്കാൾ 50-90 ശതമാനം വിലക്കുറവിലാണ് ജൻ ഔഷധി കേന്ദ്രങ്ങൾ വഴി മരുന്നുകൾ ലഭിക്കുന്നത്. 2020-21 സാമ്പത്തിക വർഷത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് 3,600 കോടി രൂപ ലാഭിക്കാനായതായും പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.

إرسال تعليق