കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ എത്തുന്ന യാത്രക്കാർക്ക് ഗുണമേന്മയുള്ളതും സുരക്ഷിതമായതുമായ ഭക്ഷണ സാധനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടി ഷോപ്പ് ഓൺ വീൽസ് എന്ന പദ്ധതിയുടെ ഭാഗമായി ഫുഡ് ട്രക്കുകളും ഫ്രെഷ് മാർട്ടുകളും ആരംഭിച്ച് വരുകയാണ്. വിദേശ രാജ്യങ്ങളിൽ വളരെയധികം പ്രചാരമുള്ള ഫുഡ് ട്രക്കുകളുടെ മാതൃകയിൽ നിരത്തിൽ ഓടുന്നതിനുള്ള കാലാവധി പൂർത്തിയാക്കിയ വാഹനങ്ങളെ കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗമാണ് ഫുഡ് ട്രക്കായി രൂപമാറ്റം വരുത്തിയിരിക്കുന്നത്. മിൽമയുടെ എല്ലാ ഉൽപ്പന്നങ്ങളും ഈ ഫുഡ് ട്രക്കിലൂടെ ലഭ്യമാകും. 8 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള സംവിധാനവും ഈ മിൽമ ഫുഡ് ട്രക്കിൽ ഉണ്ടാകും. കിഴക്കേകോട്ട, തൃശ്ശൂർ എന്നിവിടങ്ങളിൽ പ്രവർത്തനം ആരംഭിച്ച മിൽമ ഫുഡ് ട്രക്കുകൾ മികച്ച രീതിയിലാണ് പ്രവർത്തിച്ച് വരുന്നത്. മിൽമ മലബാർ മേഖലാ യൂണിയന്റെ നേതൃത്വത്തിൽ മലബാർ മേഖലയിലെ ജില്ലാ ആസ്ഥാനങ്ങളിലെല്ലാം ഇത്തരം ഫുഡ് ട്രക്ക് പ്രാവർത്തിമാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
ഈ സംരംഭത്തിന്റെ മലബാർ മേഖലാതല ഉദ്ഘാടനം കണ്ണൂർ ഡിപ്പോ പരിസരത്ത് 2021 ജൂലൈ 18 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് ബഹു: തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.എം.വി ഗോവിന്ദൻ മാസ്റ്റർ അവർകൾ മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ ശ്രീ. കെ.എസ് മണി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ വച്ച് നിർവ്വഹിക്കുന്നതാണ്. മിൽമ ഫുഡ് ട്രക്കിന്റെ താക്കോൽ ദാനം ബഹു: കണ്ണൂർ നഗരസഭാ മേയർ ശ്രീ. അഡ്വ: ടി. ഒ മോഹനനും, ആദ്യവിൽപ്പന ബഹു: കണ്ണൂർ എം.എൽ.എ ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ അവർകളും നിർവ്വഹിക്കുന്നതായിരിക്കും.
പ്രസ്തുത ചടങ്ങിന്റെ ഫേസ്ബുക്ക് ലൈവ് കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ ഉണ്ടായിരിക്കുന്നതാണ്.
Post a Comment