തമിഴ്‌നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവിക സേന വെടിയുതിര്‍ത്തു. നാഗപട്ടണത്തു നിന്നും മത്സ്യബന്ധനത്തിന് പോയ സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം. വെടിവെയ്പ്പില്‍ നാഗപട്ടണം സ്വദേശിയായ കലൈശെല്‍വന് പരുക്കേറ്റു. തലയ്ക്ക് സാരമായി പരുക്കേറ്റ ഇയാളുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. പത്ത് പേരുമായി മത്സ്യബന്ധനത്തിന് പോയ ബോട്ടിന് നേരെയായിരുന്നു ലങ്കന്‍ സേന നിറയൊഴിച്ചത്.
തിങ്കളാഴ്ച്ച കൊടിയക്കര തീരത്ത് മീന്‍പിടിക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് നേരെ ആദ്യം കല്ലെറിഞ്ഞ ലങ്കന്‍ സേന പിന്നീട് വെടിവെയ്ക്കുകയായിരുന്നു. ഇതിനിടെയാണ് കലൈശെല്‍വന്റെ തലയ്ക്ക് പരിക്കേറ്റത്. ഉടന്‍തന്നെ ബോട്ട് നാഗപട്ടണതേക്ക് തിരിക്കുകയും അദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ബോട്ടിലുണ്ടായിരുന്ന ദീപന്‍രാജ് പറഞ്ഞു. ആശുപത്രിയിലെത്തിയ ജില്ലാ കളക്ടര്‍ ഡോ. അരുണ്‍ തമ്പുരാജ് മത്സ്യത്തൊഴിലാളികളെ കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

إرسال تعليق