അരിവാളും ചുറ്റികയുമെന്തി സ്വവര്‍ഗ്ഗ അനുരാഗികള്‍; പോസ്റ്ററില്‍ പുതുവഴി തേടി സിപിഐഎം


തിരുവനന്തപുരം: സിപിഐഎം  സമ്മേളനത്തിനോട് അനുബന്ധിച്ച് ഇറങ്ങിയ ഒരു പ്രചരണ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. തിരുവനന്തപുരം ചാല ഏരിയ സമ്മേളനത്തിനോട്  അനുബന്ധിച്ചാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക്  ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്ന പോസ്റ്റര്‍ ഇറങ്ങിയത്.

ഈ ലോകം എല്ലാവർക്കും ഉള്ളതാണെന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പുറത്തിറക്കിയ സി.പി.എം ചാല ഏരിയ കമ്മിറ്റി സമ്മേളനത്തിന്റെ പോസ്റ്റർ സാധാ കാഴ്ചകളെ മാറ്റുന്നതാണ്. മഴവിൽ നിറമുള്ള പോസ്റ്ററിൽ അരിവാളും ചുറ്റികയും കയ്യിലേന്തി രണ്ട് പുരുഷന്മാര്‍ നില്‍ക്കുന്നതാണ് പോസ്റ്ററിലുള്ളത്. ഇത് പങ്കുവച്ച ചാല ലോക്കല്‍ കമ്മിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ 'ഈ ലോകം എല്ലാവരുടെയും' എന്ന അടിക്കുറിപ്പാണ് നല്‍കിയിരിക്കുന്നത്.

എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളുന്ന ഒരു സന്ദേശമാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ നല്‍കുന്നത്. അത് തന്നെയാണ് ഇത്തരം പോസ്റ്ററിലൂടെ മുന്നോട്ട് വയ്ക്കുന്നത് എന്ന് ചാല ഏരിയ കമ്മിറ്റി പ്രതികരിച്ചു. എല്‍ജിബിടി കമ്യൂണിറ്റിക്കുള്ള പിന്തുണയായി തന്നെയാണ് പോസ്റ്ററില്‍ മഴവില്‍ നിറങ്ങളും ചേര്‍ത്തിരിക്കുന്നത്. ചാല ലോക്കല്‍ കമ്മിറ്റി പേജില്‍ പ്രസിദ്ധീകരിച്ച പോസ്റ്ററില്‍ ചിത്രത്തിൽ രണ്ട് സ്ത്രീകളുടെ രൂപങ്ങളും ഉണ്ട്.

ഡിസംബർ 6,7 തീയതികളിൽ മുടവൻമുകളില്‍ വച്ചാണ് തിരുവനന്തപുരം ജില്ലയിലെ ചാല ഏരിയ സമ്മേളനം നടക്കുന്നത്. അതേ സമയം പോസ്റ്ററിന്‍റെ പുരോഗമന ആശയത്തെ പിന്തുണച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement