സംസ്ഥാനങ്ങളോട് ഇന്ധന വില കുറയ്ക്കണമെന്നാവശ്യപ്പെടാന്‍ ബിജെപിക്ക് എന്ത് അവകാശമുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു


സംസ്ഥാനങ്ങളോട് ഇന്ധന വില കുറയ്ക്കണമെന്നാവശ്യപ്പെടാന്‍ ബിജെപിക്ക് എന്ത് അവകാശമുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. സംസ്ഥാനം പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കണം എന്ന് പറയാന്‍ എന്ത് ധാര്‍മ്മികതയാണ് ബിജെപിക്കുള്ളതെന്ന് റാവു ചോദിച്ചു. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുകയല്ല, കേന്ദ്രം പെട്രോളിയം ഉല്‍പന്നങ്ങളുടെ സെസ് നീക്കം ചെയ്യുകയാണ് വേണ്ടത്. തെലങ്കാന ബിജെപി നേതാവ് ബന്ദി സഞ്ജയ് കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആരോപണത്തിനെതിരെയായിരുന്നു റാവുവിന്റെ പ്രതികരണം. സംസ്ഥാനം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് നികുതി കുറയ്ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും റാവു മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ സെസ്സ് കുറയ്ക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ധന വിലയില്‍ കേന്ദ്രം നല്‍കികൊണ്ടിരിക്കുന്ന വിശദീകരണം കള്ളമാണ്.  2014ല്‍ 105 യുഎസ് ഡോളറായിരുന്നു ക്രൂഡ് ഓയില്‍ വിലയെങ്കില്‍ ഇപ്പോള്‍ 83 യുഎസ് ഡോളറാണ്. വിദേശ രാജ്യങ്ങളിലും ഇന്ധനവില കൂടിയെന്ന് കേന്ദ്രം ജനങ്ങളോട് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയും റാവു ആഞ്ഞടിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നെല്ല് സംസ്ഥാനത്ത് കെട്ടികിടക്കുകയാണ്. അത് എടുക്കില്ലെന്ന് കേന്ദ്രം പറയുമ്പോള്‍ അതെടുക്കുമെന്നാണ് സംസ്ഥാനത്തെ ബിജെപി പറയുന്നത്. ഇത്തരം അനാവശ്യങ്ങള്‍ പറയുന്നവരുടെ നാവ് പിഴുതെറിയുകയാണ് വേണ്ടതെന്നും ചന്ദ്രശേഖര റാവു കൂട്ടിച്ചേര്‍ത്തു. 'തരംതാണ രാഷ്ട്രീയത്തിനുവേണ്ടി നിങ്ങളുടെ ഹീനമായ വായില്‍ നിന്നും തോന്നിയതു പോലെ സംസാരിക്കുന്നു. ജനങ്ങള്‍ക്കെതിരെ പറഞ്ഞാല്‍ ക്ഷമിക്കില്ല, നിങ്ങളുടെ നാവ് നാലായി മുറിക്കും. എനിക്കെതിരെ നിങ്ങള്‍ക്ക് സംസാരിക്കാം എന്നാല്‍ ജനങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കില്ല.', എന്നും ചന്ദ്രശേഖ റാവു ബന്ദിക്ക് മുന്നറിയിപ്പ് നല്‍കി.

റാബി സീസണില്‍ നെല്‍കൃഷി വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് കര്‍ഷക വിരുദ്ധമാണെന്ന ബിജെപിയുടെ വാദിത്തിനെതിരെയും റാവു ആഞ്ഞടിച്ചു. നെല്ല് സംഭരിക്കാന്‍ തയ്യാറാകാത്തത് സംസ്ഥാനമല്ല, അത് ചെയ്തുകൊണ്ടിരിക്കുന്നത് കേന്ദ്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയ നീക്കങ്ങളാണ്. രാജ്യത്ത് കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ സമരം നടത്തുമ്പോള്‍ അവരെ കാറ് ഇടിച്ചു കൊലപ്പെടുത്തുകയാണ് കേന്ദ്രം ചെയ്യുന്നത്. ഇത്തരം നടപടികള്‍ അനുവദിച്ചുകൊടുക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ എന്നും കര്‍ഷകര്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement