വാവ സുരേഷിന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി; അപകടനില തരണം ചെയ്തിട്ടില്ല


വാവ സുരേഷിന്റെ ആരോ​ഗ്യ നിലയിൽ നേരിയ പുരോ​ഗതി. പക്ഷേ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു.

അടുത്ത അഞ്ച് മണിക്കൂർ നിർണായകമാണെന്നാണ് ആശുപത്രിയിൽ നിന്ന് മന്ത്രി വി.എൻ വാസവൻ നൽകുന്ന വിവരം. വാവ സുരേഷിന്റെ ഹൃദയത്തിന്റെ നില സാധാരണ ​ഗതിയിലായി. എന്നാൽ തലച്ചോറിലേക്ക് രക്തം എത്തുന്നതിന് തടസമുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, വാവ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് മന്ത്രി ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. കാൽ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടർന്ന് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ​ഗുരുതരമായതിനെ തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ വെന്റിലേറ്ററിലാണ് വാവ സുരേഷ്. വാവ സുരേഷിനെ കടിച്ചത് മൂർഖൻ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

2013 ലും 2020 ലും സമാനമായ സാഹചര്യത്തിൽ അതീവ ​ഗുരുതരാവസ്ഥയിൽ വാവ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ പ്രത്യേക മെഡിക്കൽ ടീം രൂപീകരിച്ച് അപകട നിലയിൽ നിന്ന് വാവ സുരേഷിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement