കൊല്‍ക്കത്ത: ഇന്ത്യ-വിൻഡീസ് ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. കൊൽക്കത്തയിൽ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. പരമ്പര നേടാന്‍ ടീം ഇന്ത്യയിറങ്ങുമ്പോള്‍ പരമ്പരയിൽ കടിച്ചുതൂങ്ങാനായിരിക്കും കരീബിയന്‍ പടയുടെ ശ്രമം. ഒന്നാം ടി20യിൽ ഇന്ത്യ ആറ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയിരുന്നു.
രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ഒരു മാറ്റത്തിലധികം പ്രതീക്ഷിക്കേണ്ടതില്ല ടീമുകൾ. ദീപക് ചാഹറിന്‍റെ പരിക്ക് ഭേദമായില്ലെങ്കില്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് അവസരം കിട്ടിയേക്കും. ആദ്യ 15 ഓവറില്‍ കരുതലോടെ ബാറ്റുവീശുന്ന സമീപനം രോഹിത് ശര്‍മ്മ നായകനായതോടെ ഇന്ത്യ ഉപേക്ഷിച്ച മട്ടാണ്. വിരാട് കോലി റൺസ് കണ്ടെത്തുന്നില്ലെങ്കിലും സൂര്യകുമാര്‍ യാദവ് അതിവേഗം സ്കോര്‍ ചെയ്യുന്നത് ടീമിന് ആശ്വാസമാകുന്നു.
വെങ്കടേഷ് അയ്യര്‍ ആദ്യ മത്സരത്തിൽ തിളങ്ങിയതോടെ ശ്രേയസ് അയ്യര്‍ ഇന്നും പുറത്തിരിക്കും. രോഹിത് നായകനായ 23 ട്വന്‍റി 20യിൽ 19ലും ഇന്ത്യ ഇതുവരെ ജയിച്ചിട്ടുണ്ട് എന്നത് മത്സരത്തിനിറങ്ങും മുമ്പ് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.
അതേസമയം ബാറ്റിംഗ് ക്രമത്തിലെ യുക്തിയില്ലായ്‌മയാണ് വിന്‍ഡീസിന്‍റെ പ്രധാന പ്രശ്നം. അഞ്ച് ഓവറിനുള്ളിൽ കളിയുടെ ഗതി മാറ്റാന്‍ കഴിയുന്ന ഒട്ടേറെ താരങ്ങള്‍ ഉള്ളതിനാൽ അപ്രതീക്ഷിത തിരിച്ചുവരവ് വിന്‍ഡീസിന് അസാധ്യമല്ല. ഓള്‍റൗണ്ടര്‍ ജേസൺ ഹോള്‍ഡറിന്‍റെ പരിക്ക് ഭേദമാകുമെന്ന് സന്ദര്‍ശകര്‍ പ്രതീക്ഷിക്കുന്നു. രാത്രിയിലെ മഞ്ഞുവീഴ്ച കാരണം രണ്ടാമത് ബാറ്റ് ചെയ്യാനാകും ഇരു നായകന്മാരും ഇഷ്‌ടപ്പെടുക.

Post a Comment