തൃശൂർ: കൊടകരയിൽ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ. തൃശൂർ ചിയാരം സ്വദേശികളായ അമൽ, അനുഗ്രഹ് എന്നീ യുവാക്കളാണ് പിടിയിലായത്. 300 ഗ്രാം ഹാഷിഷ് ഓയിലുമായാണ് യുവാക്കൾ പിടിയിലായത്. പെൺകുട്ടിയെ പിന്നിലിരുത്തി ബൈക്കിൽ അഭ്യാസം കാണിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് കഴിഞ്ഞമാസം അമൽ നാട്ടുകാരുമായി അടിപിടിയുണ്ടാക്കിയത് വാർത്തയായിരുന്നു.
നെല്ലായിൽവെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. അഞ്ച് ഗ്രാം വീതമുള്ള 60 കുപ്പികളിലാക്കി 300 ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്ന് പിടികൂടിയത്. വാഹനപരിശോധനയ്ക്കിടെ യാദൃശ്ചികമായാണ് പോലീസ് ഇവരെ പിടികൂടിയത്. 25-കാരനായ അമലും 21-കാരനായ അനുഗ്രഹും തൃശൂർ ചിയാരം സ്വദേശികളാണ്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വളരെ നാളുകളായി ടൗൺ കേന്ദ്രീകരിച്ച് വലിയ രീതിയിൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന കർശനമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കർശനമായ പരിശോധനകൾ പോലീസിന്റെ നടത്തിയിരുന്നു. ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്ന ഹാഷിഷ് ഓയിലിന് ലക്ഷങ്ങൾ വിലവരുമെന്നാണ് പോലീസ് പറയുന്നത്.
നാട്ടുകാരെ ആക്രമിച്ചതിന് അമലിനെതിരെ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ട്. പെൺകുട്ടിയുമായി ബൈക്കിൽ സഞ്ചരിക്കവെ ബൈക്കിന്റെ മുൻഭാഗം ഉയത്തുകയും പെൺകുട്ടി നിലത്ത് വീഴുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത നാട്ടുകാരെ അമൽ ആക്രമിക്കുകയും അവരിൽ ചിലർ തിരിച്ചാക്രമിക്കുകയും അമലിന്റെ തലയിൽ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തിരുന്നു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവന്നിരുന്നു. ഇതേ വ്യക്തി തന്നെയാണ് ഇപ്പോൾ ഹാഷിഷ് ഓയിലുമായി പിടിക്കപ്പെട്ടിരിക്കുന്നത്.
Post a Comment